യു എ ഇ: ഫ്ലാഗ് ഡേ ആഘോഷിച്ചു

GCC News

യു എ ഇ ‘പതാക ദിനം’ ആചരിക്കുന്നതിന്റെ ഭാഗമായി, വൈസ് പ്രസിഡന്റും, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ 2023 നവംബർ 3-ന് ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തി.

തുടർന്ന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പരമോന്നത കൗൺസിൽ അംഗങ്ങൾ, എമിറേറ്റ്സ് ഭരണാധികാരികൾ, കിരീടാവകാശികൾ എന്നിവർക്കും യു എ ഇയിലെ എല്ലാ പൗരന്മാർക്കും, നിവാസികൾക്കും മൻസൂർ ബിൻ സായിദ് ആശംസകൾ നേർന്നു.

Source: WAM.

പ്രസിഡൻഷ്യൽ കോർട്ട് പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് സെക്രട്ടറി ജനറൽ അഹമ്മദ് മുഹമ്മദ് അൽ ഹമീരി, യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അഹമ്മദ് ജുമാ അൽ സാബി എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.

“ദേശീയ പതാക ഉയർത്തുന്നതിനായി ഒറ്റക്കെട്ടായി യു എ ഇയിലെ എല്ലാ ജനങ്ങളും ഈ അവസരത്തിൽ ഒത്ത്‌ ചേരുന്നു; നമ്മുടെ രാഷ്ട്രത്തിന്റെ അഭിമാനം, വിശ്വസ്‌തത എന്നിവയുടെ അടയാളമാണ് ഈ പതാക. നമ്മളെല്ലാം ഒത്ത് ചേരുന്ന ഈ നിമിഷത്തിൽ നമ്മുടെ രാഷ്ട്രത്തെ കൂടുതൽ ശോഭനമായ ഭാവിയിലേക്ക് നയിക്കുന്നതിന് നമ്മുടെ വരും തലമുറ പ്രാപ്തരായിരിക്കും എന്നതിൽ നമുക്ക് പൂർണ്ണ വിശ്വാസമുണ്ട്.”, പതാക ദിനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

“നമ്മുടെ രാഷ്ട്രത്തിന്റെ പ്രതീകം; നമ്മുടെ പ്രതാപത്തിന്റെ കൊടിക്കൂറ; നമ്മുടെ ദേശീയ പതാക; യു എ ഇയുടെ രാഷ്ട്രപതാക…”, H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ വേളയിൽ അറിയിച്ചു.

അബുദാബി ക്രവുൺ പ്രിൻസ് കോർട്ടിൽ നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് യു എ ഇ ദേശീയ പതാക ഉയർത്തി.

ദുബായ് മീഡിയ കൗൺസിൽ, ദുബായ് പ്രസ് ക്ലബ്, ബ്രാൻഡ് ദുബായ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉം സുഖേയിം ബീച്ചിൽ പ്രത്യേക ഫ്ലാഗ് ഗാർഡൻ ഒരുക്കിയിരുന്നു.

Source: Dubai Media Office.

ആറായിരത്തോളം യു എ ഇ ദേശീയ പതാകകൾ പ്രത്യേക രീതിയിൽ അണിനിരത്തിക്കൊണ്ട് ദുബായ് ഭരണാധികാരി, ദുബായ് കിരീടാവകാശി, ദുബായ് ഡെപ്യൂട്ടി ഭരണാധികാരി, ദുബായ് സെക്കൻഡ് ഡെപ്യൂട്ടി ഭരണാധികാരി തുടങ്ങിയ നേതാക്കളുടെ ഛായാചിത്രങ്ങൾ തീർക്കുന്ന രീതിയിലായിരുന്നു ഈ ഫ്ലാഗ് ഗാർഡൻ ഒരുക്കിയിരുന്നത്.

Cover Image: WAM.