2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്ന ഏക രാജ്യം സൗദി അറേബ്യയാണെന്ന് ഫിഫ

Saudi Arabia

2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള നറുക്കെടുപ്പിൽ സമയപരിധി അവസാനിക്കുന്നതിന് മുൻപായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഏക ഫുട്ബോൾ അസോസിയേഷൻ സൗദി അറേബ്യയാണെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ (FIFA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31-ന് അവസാനിച്ചിരുന്നു. എന്നാൽ ഈ സമയപരിധി അവസാനിക്കുന്നതിന് മുൻപായി നറുക്കെടുപ്പിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ഓസ്‌ട്രേലിയ തങ്ങളുടെ ബിഡ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

“ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് സംബന്ധിച്ച എല്ലാ ഘടകങ്ങളും പരിഗണിച്ച ശേഷം 2034-ലെ ടൂർണമെന്റിന് വേദിയാകേണ്ടെന്ന നിഗമനത്തിൽ ഞങ്ങൾ എത്തിയിരിക്കുന്നു,” ഫുട്ബോൾ ഓസ്‌ട്രേലിയ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഈ തീരുമാനമാണ് സൗദിയെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഏക സ്ഥാനാർത്ഥിയായി അവശേഷിപ്പിച്ചത്. 2034 ലോകകപ്പിന്റെ ആതിഥേയരായി സൗദി അറേബ്യയെ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന നടപടികൾ അടുത്ത വർഷം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2034-ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് സൗദി അറേബ്യ ഒക്ടോബറിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 2023 ഫിഫ ക്ലബ് വേൾഡ് കപ്പ്, 2027 AFC ഏഷ്യൻ കപ്പ് എന്നിവ സൗദി അറേബ്യയിൽ വെച്ചാണ് നടക്കുന്നത്.

WAM