അബുദാബി: വിവാഹവേദികളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സിവിൽ ഡിഫൻസ് പ്രചാരണ പരിപാടി ആരംഭിച്ചു

featured GCC News

എമിറേറ്റിലെ വിവാഹവേദികളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി സിവിൽ ഡിഫൻസ് ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു. 2023 നവംബർ 3-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബിയിലെ വിവാഹ ഹാളുകൾ, വിവാഹ വേദികൾ, ഇത്തരം ഇടങ്ങളിൽ വിവാഹ ചടങ്ങുകൾ സംഘടിപ്പിക്കുന്ന ഇവന്റ് പ്ലാനിങ്ങ് കമ്പനികൾ മുതലായവ പൊതു സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് ഈ പ്രചാരണ പരിപാടികൾ നടത്തുന്നത്.

ഇതിന്റെ ഭാഗമായി ഇത്തരം വേദികളിൽ മതിയായ അഗ്നിശമന ഉപകരണങ്ങൾ, പ്രഥമശുശ്രൂഷാ ഉപകരണങ്ങൾ മുതലായവ ഉണ്ടെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുന്നതാണ്. ഇത്തരം ഇടങ്ങളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്:

  • ഇത്തരം ഇടങ്ങളിൽ അലങ്കാരങ്ങൾക്കായി പെട്ടന്ന് കത്തിപ്പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഉപയോഗിക്കരുത്.
  • ഇത്തരം ഇടങ്ങളിൽ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി പരിധിയിൽ കൂടുതൽ അതിഥികളെ ഉൾപ്പെടുത്തരുത്.
  • ഇത്തരം വേദികളിൽ പരിപാടികൾ നടത്തുന്ന വേളകളിൽ എമർജൻസി എക്‌സിറ്റുകൾ നിർബന്ധമായും തുറന്ന് വെക്കേണ്ടതാണ്.
  • തീപിടുത്തം ഉൾപ്പടെയുള്ള അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും, വേദിയിൽ നിന്ന് അതിഥികളെ അടിയന്തിരമായി ഒഴിപ്പിക്കുന്നതിനും ആവശ്യമായ പരിശീലനങ്ങൾ ഇത്തരം വേദികളിലെ ജീവനക്കാർക്ക് നൽകേണ്ടതാണ്.

Cover Image: Abu Dhabi Media Office.