സൗദി അറേബ്യ: മാർച്ച് 27 വരെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 മാർച്ച് 27, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 മാർച്ച് 23-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2023 മാർച്ച് 24 മുതൽ മാർച്ച് 27 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടികാട്ടിയിട്ടുണ്ട്. ഈ കാലയളവിൽ മക്കയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ഇത് വെള്ളത്തിന്റെ കുത്തൊഴുക്കിന് കരണമാകാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ റിയാദിന്റെ വിവിധ മേഖലകളിലും സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പെട്ടന്ന് വെള്ളം ഉയരാൻ സാധ്യതയുള്ള മേഖലകളിൽ നിന്ന് വിട്ട് നിൽക്കാനും, ഇത്തരം ഇടങ്ങളിലെ ജലാശയങ്ങളിൽ നീന്തരുതെന്നും സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അസീർ, അൽ ബാഹ, ജസാൻ, നജ്‌റാൻ, മദീന, ഹൈൽ, തബുക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, അൽ ഖാസിം, ഈസ്റ്റേൺ ബോർഡേഴ്സ് മേഖലകളിലും ഈ കാലയളവിൽ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. മക്ക, ജിദ്ദ, റബിഗ് മേഖലകളിൽ സാമാന്യം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഇത് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് ഇടയാകാമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

Cover Image: Saudi Press Agency.