സൗദി അറേബ്യ: രാജ്യത്ത് ഫെബ്രുവരി 3 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

featured GCC News

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2023 ഫെബ്രുവരി 3, വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 29-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും 2023 ജനുവരി 30, തിങ്കളാഴ്ച മുതൽ 2023 ഫെബ്രുവരി 3, വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുന്നതാണ്.

ഈ കാലയളവിൽ തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ, അൽ ഖാസിം, റിയാദ്, അൽ ശർഖിയ മുതലായ ഇടങ്ങളിലും, മക്കയുടെയും, മദീനയുടെയും ഏതാനം പ്രദേശങ്ങളിലും അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത് ചില സമയങ്ങളിൽ കാഴ്ച പൂർണ്ണമായും മറയ്ക്കുന്ന രീതിയിലുള്ള പൊടിക്കാറ്റായി മാറാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഈ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും, കടലിൽ വലിയ തിരമാലകൾ അനുഭവപ്പെടുന്നതിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ് എന്നിവിടങ്ങളിൽ തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ സാമാന്യം ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ഹൈൽ, അൽ ഖാസിം, അൽ ശർഖിയ, മദീന പ്രദേശങ്ങളിൽ ചൊവ്വാഴ്ച മുതൽ ബുധനാഴ്ച വരെ സാമാന്യം ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം ഈ മേഖലകളിൽ ആലിപ്പഴം പൊഴിയുന്നതിനും, പെട്ടന്നുള്ള കോരിച്ചൊരിയുന്ന മഴയ്ക്കും സാധ്യതയുണ്ട്.

റിയാദ്, അൽ ശർഖിയ, അൽ ഖോബർ, ദമാം, ദഹ്റാൻ, അൽ അഹ്സാ, മക്ക, ജിദ്ദ, തായിഫ്, റാബിഗ് പ്രദേശങ്ങളിൽ ചൊവ്വ, ബുധൻ ദിനങ്ങളിൽ ശക്തികുറഞ്ഞ രീതിയിലുള്ള ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, ഹൈൽ, മദീന തുടങ്ങിയ ഇടങ്ങളിൽ ബുധനാഴ്ചയോടെ അന്തരീക്ഷ താപനില പൂജ്യം മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വ്യാഴാഴ്ച മുതൽ റിയാദ്, അൽ ഖാസിം, അൽ ശർഖിയയുടെ വടക്കൻ മേഖലകൾ തുടങ്ങിയ ഇടങ്ങളിൽ അന്തരീക്ഷ താപനില നാല് മുതൽ ഏഴ് ഡിഗ്രി വരെ രേഖപ്പെടുത്താനിടയുണ്ട്. തബൂക് മേഖലയിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ മഞ്ഞ് പെയ്യുന്നതിനും സാധ്യതയുണ്ട്.

Cover Image: Saudi Press Agency.