ബഹ്റൈനിലെ പള്ളികൾ പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കുന്ന പ്രക്രിയ പടിപടിയായി നടപ്പിലാക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എന്ഡോവെമെന്റ്സ് അറിയിച്ചു. ഓഗസ്റ്റ് 28, വെള്ളിയാഴ്ച്ച മുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പള്ളികൾ തുറന്നു കൊടുക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ഇതിന്റെ ആദ്യ ഘട്ടത്തിൽ, ഓഗസ്റ്റ് 28 മുതൽ ദിനവും ഫജ്ർ നമസ്കാരത്തിനായി മാത്രം വിശ്വാസികൾക്ക് പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. പള്ളികളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
- ഫജ്ർ നമസ്കാരത്തിനായി മാത്രമാണ് പള്ളികൾ തുറന്നു കൊടുക്കുന്നത്.
- ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത പള്ളികൾക്ക് തുറക്കാൻ അനുമതി നൽകുന്നതല്ല.
- പള്ളികളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കേണ്ടതാണ്.
- സ്ത്രീകൾ, 15 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ എന്നിവർക്ക് പ്രവേശനം അനുവദിക്കില്ല. പ്രായമായവർ കഴിയുന്നതും പ്രാർത്ഥനകൾ വീടുകളിൽ നിന്ന് നടത്തേണ്ടതാണ്.
- സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്. പ്രാർത്ഥനകൾക്ക് 10 മിനിറ്റ് മുൻപേ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
- പ്രാർത്ഥനകൾക്കായി വീടുകൾക്ക് ഏറ്റവും അടുത്തുള്ള പള്ളികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
- ദേഹശുദ്ധി വരുത്തുന്നതിനുള്ള സംവിധാനങ്ങൾ, ശുചിമുറികൾ എന്നിവ പ്രവർത്തിപ്പിക്കാൻ അനുമതിയില്ല.
- മാസ്കുകൾ നിർബന്ധമാണ്.
- ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.