സന്ദർശക വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള സേവനങ്ങൾക്ക് ഫീ ഈടാക്കുന്ന നടപടി 2021 ജനുവരി 22 മുതൽ പുനരാരംഭിക്കുമെന്ന് ബഹ്‌റൈനിലെ നാഷണാലിറ്റി, പാസ്സ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു. ജനുവരി 17-ന് രാത്രിയാണ് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
സന്ദർശക വിസകളുടെ കാലാവധി NPRA സ്വയമേവ, സൗജന്യമായി നീട്ടിനൽകിയിരുന്ന നടപടികൾ ജനുവരി 22-ന് അവസാനിക്കുന്നതിനാലാണ് സേവനങ്ങൾക്ക് ഫീ ഈടാക്കുന്നത് പുനരാരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. COVID-19 പശ്ചാത്തലത്തിലെ യാത്രാ നിയന്ത്രണങ്ങൾ മൂലം സന്ദർശകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ്, 2020 ഏപ്രിൽ 21 മുതൽ ഇത്തരം വിസകളുടെ കാലാവധി നീട്ടുന്നത് സൗജന്യമാക്കുന്നതുൾപ്പടെയുള്ള പ്രത്യേക ഇളവുകൾ ബഹ്‌റൈൻ നൽകിയിരുന്നത്.
https://www.bahrain.bh എന്ന വിലാസത്തിലൂടെയോ, വിവിധ വിസ സേവനകേന്ദ്രങ്ങളിൽ നിന്നോ സന്ദർശകർക്ക് വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള അപേക്ഷ നൽകാവുന്നതാണ്. മുഹറഖ് സെക്യൂരിറ്റി കോംപ്ലക്സ്, സൗത്തേൺ ഗവർണറേറ്റിലെ ഇസ ടൌൺ ഓഫീസ് എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളിൽ നിന്ന് മുൻകൂർ അനുവാദം നേടിക്കൊണ്ട് ഈ നടപടികൾ പൂർത്തിയാക്കാവുന്നതാണ്.