രാജ്യത്തെ COVID-19 രോഗവ്യാപനം സൂചിപ്പിക്കുന്നതിനായി ട്രാഫിക് ലൈറ്റ് സിഗ്നലിന് സമാനമായ ഒരു കളർ കോഡിങ്ങ് സംവിധാനം ഉപയോഗിക്കാൻ നാഷണൽ ടാസ്‌ക്‌ഫോഴ്‌സ് തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓരോ ആഴ്ച്ചയിലും പ്രഖ്യാപിക്കുന്ന കളർ ലെവൽ പ്രകാരമായിരിക്കും ഇനി മുതൽ ബഹ്‌റൈനിലെ വിവിധ മേഖലകളിലെ നിയന്ത്രണങ്ങളും, ഇളവുകളും കണക്കാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ജൂൺ 30-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് നിലവിലുള്ള ആകെ രോഗബാധിതരുടെ എണ്ണം, ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം, ICU സംവിധാനങ്ങളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് ഓരോ ആഴ്ച്ചത്തെയും കളർ കോഡിങ്ങ് നിശ്ചയിക്കുന്നത്. ഇത്തരത്തിൽ താഴെ പറയുന്ന നാല് കളർ ലെവലുകളാണ് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്:
- പച്ച – പതിനാല് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 2 ശതമാനത്തിന് താഴെയാണെങ്കിൽ.
- മഞ്ഞ – ഏഴ് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 2 ശതമാനത്തിനും 5 ശതമാനത്തിനും ഇടയിലാണെങ്കിൽ.
- ഓറഞ്ച് – നാല് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 5 ശതമാനത്തിനും 8 ശതമാനത്തിനും ഇടയിലാണെങ്കിൽ.
- ചുവപ്പ് – മൂന്ന് ദിവസത്തെ കാലയളവിൽ രോഗബാധിതരായി തുടരുന്നവരുടെ ശരാശരി 8 ശതമാനത്തിനു മുകളിലാണെങ്കിൽ.
മേൽപ്പറഞ്ഞ പ്രകാരം, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് 2021 ജൂലൈ 2 മുതൽ ബഹ്‌റൈനിൽ യെല്ലോ ലെവൽ അലേർട്ട് ഏർപ്പെടുത്താൻ തീരുമാനിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ഇത് പ്രകാരം ജൂലൈ 2 മുതൽ ബഹ്‌റൈനിൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണങ്ങൾ:
- സർക്കാർ മേഖലയിൽ എല്ലാ ഓഫീസുകളിലും 50 ശതമാനം വർക്ക് അറ്റ് ഹോം നടപ്പിലാക്കും.
- ചില്ലറവില്പനശാലകൾ, സർക്കാർ സേവന കേന്ദ്രങ്ങൾ, 30 പേരെ പങ്കെടുപ്പിച്ചുള്ള വീടുകളിൽ നടത്തുന്ന സ്വകാര്യ ചടങ്ങുകൾ തുടങ്ങിയ ഇടങ്ങളിൽ വാക്സിനെടുത്തവർക്കും, എടുക്കാത്തവർക്കും പ്രവേശിക്കാൻ അനുമതി.
- ഷോപ്പിംഗ് മാളുകൾ, റെസ്റ്ററന്റുകൾ, കഫെ, സ്വിമ്മിങ്ങ് പൂൾ, സ്പോർട്സ് കേന്ദ്രങ്ങൾ, സിനിമാശാലകൾ, സ്പാ, സലൂൺ, ബാർബർഷോപ്, വിനോദ കേന്ദ്രങ്ങൾ, കോൺഫെറൻസുകൾ, ചടങ്ങുകൾ, കായിക വിനോദങ്ങൾ എന്നിവയിൽ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ, COVID-19 രോഗമുക്തർ, ഇവരോടൊപ്പം വരുന്ന 12 വയസിന് താഴെ പ്രായമുള്ളവർ എന്നിവർക്ക് മാത്രം പ്രവേശനം.
- അവശ്യ സാധനങ്ങളുടെ വില്പനശാലകൾക്ക് പ്രവർത്തിക്കാം.
ഈ കളർ കോഡിങ്ങ് സംവിധാനം സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ https://www.moh.gov.bh/Content/Upload/File/637607300313236823-[EN]-Infographic—COVID-19-alert-levels-v24.2.pdf എന്ന വിലാസത്തിൽ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം PDF രൂപത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.