രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നടപടികളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പള്ളികളിലെത്തുന്നവർക്ക് കൂടുതൽ സുഗമമായി പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് സഹായകമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
2021 ഒക്ടോബർ 5, ചൊവ്വാഴ്ച്ച രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, ബഹ്‌റൈനിലെ പള്ളികളിലെ COVID-19 സുരക്ഷാ മുൻകരുതൽ നടപടികളിൽ താഴെ പറയുന്ന മാറ്റങ്ങൾ വരുത്തുന്നതാണ്:
- പള്ളികളിൽ പ്രാർത്ഥനകളുടെ സമയത്ത് ഓരോ രണ്ട് വരികൾക്കിടയിലും ഒരു വരി ഒഴിച്ചിടണമെന്ന നിർദ്ദേശം ഒഴിവാക്കി.
- വിശ്വാസികൾ പാലിക്കേണ്ടതായ സമൂഹ അകലം 2 മീറ്റർ എന്നതിൽ നിന്ന് ഒരു മീറ്ററാക്കി കുറച്ചു.
- വിശുദ്ധ ഖുർആൻ, പ്രിന്റ് ചെയ്ത മറ്റ് പുസ്തകങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന് അനുമതി.
- വിശ്വാസികൾ സ്വന്തം നിസ്കാരപ്പായകൾ കൊണ്ട് വരേണ്ടതാണെന്ന നിർദ്ദേശം ഒഴിവാക്കും. വിശ്വാസികൾക്ക് ആവശ്യമെങ്കിൽ ഈ നിർദ്ദേശം തുടർന്നും പാലിക്കാവുന്നതാണ്.
- മാസ്കുകളുടെ ഉപയോഗം തുടരും. പള്ളികളിലെത്തുന്ന വിശ്വാസികൾ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്. മാസ്കുകൾ ധരിക്കാത്തവർക്ക് പള്ളികളിലേക്ക് പ്രവേശനം നൽകില്ല.
- പള്ളികളിൽ ഏർപ്പെടുത്തിയിരുന്ന വിശ്വാസികളുടെ എണ്ണത്തിലെ പരമാവധി പരിധി ഒഴിവാക്കും.
- പള്ളികളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവരായ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വ്യക്തികൾക്ക് മാത്രമാക്കി നിജപ്പെടുത്തും.
- പള്ളികൾക്ക് പുറത്ത് പ്രാർത്ഥിക്കുന്നതിന് അനുമതി നൽകി.
- പള്ളികളിലെ മറ്റു പ്രവർത്തനങ്ങൾക്ക് അനുമതി.
- പ്രാർത്ഥനാ സമയത്തിന് മുൻപും, ശേഷവും വിശ്വാസികൾക്ക് പള്ളികളിൽ തുടരാൻ അനുമതി നൽകും.
രാജ്യത്തെ COVID-19 സാഹചര്യം അനുസരിച്ച് പള്ളികളിലെ മുൻകരുതൽ നിർദ്ദേശങ്ങളിൽ മാറ്റം വരാമെന്ന് നാഷണൽ ടാസ്‌ക്‌ഫോഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
Cover Photo: Al Fateh Grand Mosque. Bahrain News Agency.