രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ ജനങ്ങളോട് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങൾ ആഹ്വാനം ചെയ്‌തു. മഹാമാരിയുടെ വ്യാപനം തടയുന്നതിനായി മുഴുവൻ ജനങ്ങളും ശ്രമിക്കണമെന്നും, തങ്ങളുടെയും, കുടുംബാംഗങ്ങളുടെയും സംരക്ഷണത്തിനായി ജാഗ്രത തുടരണമെന്നും അധികൃതർ സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാധനങ്ങൾ വാങ്ങുന്നതിനായി വ്യാപാര ശാലകളിലും മറ്റും പോകുന്നവർ സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനായി പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകളും അധികൃതർ അറിയിച്ചിട്ടുണ്ട്.
- പൊതു ഇടങ്ങളിൽ മുഴുവൻ സമയവും മാസ്കുകൾ ശരിയായ രീതിയിൽ ധരിക്കേണ്ടതാണ്.
- വാണിജ്യ സ്ഥാപനങ്ങളിലും മറ്റും പോകുന്നവർ സമൂഹ അകലം പാലിക്കേണ്ടതാണ്.
- രോഗബാധിതരുമായുള്ള സമ്പർക്ക സാധ്യത ഒഴിവാക്കുന്നതിനായി, വ്യാപാര കേന്ദ്രങ്ങളിലും മറ്റും ഏറ്റവും തിരക്കേറിയ സമയങ്ങളിൽ സന്ദർശനങ്ങൾ ഒഴിവാക്കേണ്ടതാണ്.
- കൈകൾ കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെങ്കിലും എടുത്ത് കൈകൾ ശുചിയാക്കേണ്ടതാണ്.
- വ്യാപാരശാലകളിലും മറ്റും പ്രദർശിപ്പിച്ചിട്ടുള്ള സാധനങ്ങൾ കൈകൊണ്ട് സ്പർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
- പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർ തീർത്തും ഒഴിവാക്കാനാകാത്ത സന്ദർഭങ്ങളിൽ മാത്രമേ പുറത്ത് പോകാവൂ. ഇത്തരക്കാർ, ഗർഭിണികൾ എന്നിവർ, അതിരാവിലെ തീർത്തും തിരക്കില്ലാത്ത സമയങ്ങളിൽ മാത്രം വ്യാപാര കേന്ദ്രങ്ങളിലും മറ്റും പോകുന്നതിനായി ഉപയോഗിക്കേണ്ടതാണ്. കഴിയുന്നതും പണമിടപാടുകൾ ഡിജിറ്റൽ രീതിയിൽ നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.
- സമ്പർക്കം ഒഴിവാക്കുന്നതിനായി ഷോപ്പിംഗിനും മറ്റും കഴിയുന്നതും ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കേണ്ടതാണ്.