ബഹ്‌റൈൻ: പുതുവത്സരാഘോഷ വേളയിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ ആഹ്വാനം ചെയ്തു

GCC News

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ, പുതുവത്സരാഘോഷ വേളയിൽ വീഴ്ച്ച കൂടാതെ പാലിക്കാൻ പൊതു സമൂഹത്തോട് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) ആഹ്വാനം ചെയ്തു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലും, ഹോട്ടലുകൾ, റെസ്റ്റാറന്റുകൾ മുതലായ ഇടങ്ങളിലും സർക്കാരും, ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ നയിക്കുന്ന ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്സും നിർബന്ധമാക്കിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ BTEA ആവശ്യപ്പെട്ടിട്ടുണ്ട്. COVID-19 വ്യാപനം തടയുന്നതിനായി, ബഹ്‌റൈനിലെ മന്ത്രിസഭാ ഉത്തരവ് 68/ 2020 പ്രകാരം, മുഴുവൻ ഭക്ഷണശാലകളിലും നടപ്പിലാക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് പുതുവത്സരാഘോഷത്തിന്റെ പശ്ചാത്തലത്തിൽ BTEA സമൂഹത്തെ ഓർമ്മപ്പെടുത്തി. ആൾക്കൂട്ടം ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

പുതുവർഷ വാരാന്ത്യത്തിൽ ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം, വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവർ സംയുക്തമായി പ്രത്യേക പരിശോധനകൾ നടപ്പിലാക്കുമെന്നും BTEA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്നും, വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾ അടച്ച് പൂട്ടുമെന്നും, 10000 ദിനാർ വരെ പിഴ ഇടാക്കുമെന്നും BTEA വ്യക്തമാക്കി. രോഗവ്യാപനം തടയുന്നതിൽ, സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം, ഭക്ഷണശാലകളിലെ മേശകൾ തമ്മിൽ പാലിക്കേണ്ടതായ അകലം തുടങ്ങിയ നിർദ്ദേശങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അധികൃതർ ചൂണ്ടിക്കാട്ടി.