ബഹ്‌റൈൻ: പ്രവാസികളോടും, പൗരന്മാരോടും COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

GCC News

രാജ്യത്തെ മുഴുവൻ പ്രവാസികളോടും, പൗരന്മാരോടും COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരോട് ബൂസ്റ്റർ ഡോസ് കുത്തിവെപ്പിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

https://twitter.com/MOH_Bahrain/status/1396961532920147972

COVID-19-നെതിരായ രോഗപ്രതിരോധ ശക്തി ഉയർത്തുന്നതിനായി വാക്സിനേഷൻ വളരെ പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വാക്സിൻ സ്വീകരിച്ചവരിൽ രോഗബാധയേൽക്കുന്നതിനുള്ള സാധ്യത കുറവാണെന്നും, ഇത്തരക്കാർക്ക് രോഗബാധ ഉണ്ടാകുന്ന സാഹചര്യത്തിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിൽ വാക്സിൻ ഫലപ്രദമാണെന്നും മന്ത്രാലയം ജനങ്ങളെ ഓർമ്മപ്പെടുത്തി.

ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെക്കുന്ന കണക്കുകൾ പ്രകാരം രാജ്യത്തെ 95 ശതമാനം COVID-19 മൂലമുള്ള മരണങ്ങളും വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്തവരിലാണ്. വാക്സിൻ സ്വീകരിക്കുന്നത് COVID-19 രോഗബാധ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് ഫലപ്രദമാണെന്ന് ഇത് തെളിയിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ സുരക്ഷാ നിബന്ധനകൾ കർശനമായി തുടരാനും മന്ത്രാലയം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.

https://healthalert.gov.bh/ എന്ന വിലാസത്തിലൂടെ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിനും, ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുമുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. അതേസമയം, രാജ്യത്തെ പ്രതിദിന വാക്സിനേഷൻ ശേഷി 31000 ഡോസിലേക്ക് ഉയർത്താൻ തീരുമാനിച്ചതായും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.