സിനോഫാം COVID-19 വാക്സിനിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 3 മാസം പൂർത്തിയാക്കിയ, അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരോട് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. ഇവർക്ക് ബഹ്‌റൈനിൽ മൂന്നാമതൊരു ബൂസ്റ്റർ ഡോസ് എന്ന രീതിയിൽ ഫൈസർ ബയോഎൻടെക് വാക്സിനാണ് നൽകുന്നത്.
രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്തവർക്ക് മൂന്നാമതൊരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം മെയ് 18-ന് അറിയിച്ചിരുന്നു. COVID-19 വാക്സിൻ ബൂസ്റ്റർ ഡോസിനുള്ള രജിസ്‌ട്രേഷൻ ‘BeAware Bahrain’ ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്.
സിനോഫാം COVID-19 വാക്സിനിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 3 മാസം പൂർത്തിയാക്കിയവരുടെ ‘BeAware’ ആപ്പിലെ ലോഗോ സ്വയമേവ മഞ്ഞ നിറത്തിലേക്ക് മാറുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ബൂസ്റ്റർ ഡോസ് എടുക്കുന്നതിനെക്കുറിച്ച് വ്യക്തികളെ ഓർമ്മപ്പെടുത്തുന്നതിനായാണിത്. ബൂസ്റ്റർ കുത്തിവെപ്പെടുക്കുന്നതോടെ ഈ ലോഗോ പച്ചനിറത്തിലേക്ക് മാറുന്നതാണ്.