രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ കരാറടിസ്ഥാനത്തിൽ PCR ടെസ്റ്റിംഗ് സംവിധാനങ്ങൾ ഒരുക്കുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്ന് ഒമാൻ എയർപോർട്ട് അപേക്ഷകൾ ക്ഷണിച്ചു. ഒമാനിൽ പ്രവർത്തിക്കുന്നതോ, വിദേശത്ത് നിന്നുള്ളതോ ആയ സ്ഥാപനങ്ങൾക്ക് ഈ ടെൻഡർ നടപടികളിൽ പങ്കെടുക്കാവുന്നതാണ്.
ഒമാനിലെ വിവിധ എയർപോർട്ടുകളിൽ PCR ടെസ്റ്റിംഗ് നടത്തുന്നതിനാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുക, ടെസ്റ്റിംഗ് സംവിധാനങ്ങൾ ഒരുക്കുക, PCR ടെസ്റ്റിംഗ് നടത്തുക എന്നിവയാണ് ഈ ടെണ്ടറിന്റെ ഭാഗമായി സ്ഥാപനങ്ങൾ കരാറടിസ്ഥാനത്തിൽ നിറവേറ്റേണ്ടത്.
മസ്‌കറ്റ് എയർപോർട്ട്, സലാല എയർപോർട്ട്, മറ്റു പ്രാദേശിക വിമാനത്താവളങ്ങൾ, ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്ന പ്രത്യേക ഇടങ്ങൾ എന്നീ മേഖലകളിലാണ് ഈ സേവനങ്ങൾ ഒരുക്കേണ്ടത്. ഇത്തരം സേവനങ്ങളിൽ യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് ഇതിനായുള്ള അപേക്ഷകൾ ജൂലൈ 30 വരെ സമർപ്പിക്കാവുന്നതാണ്.