സൗദി അറേബ്യ: തബൂക്കിൽ നിന്ന് രണ്ടു ഭാഷകളിലുള്ള ശിലാലിഖിതം കണ്ടെത്തി

featured Saudi Arabia

തബൂക്കിൽ നിന്ന് രണ്ടു ഭാഷകളിലുള്ള ഒരു ശിലാലിഖിതം കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മിഷൻ അറിയിച്ചു. 2024 ജൂൺ 27-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അപൂർവ്വമായ ഈ ശിലാലിഖിതം തബൂക്കിലെ അൽഖാൻ ഗ്രാമത്തിൽ നിന്നാണ് കണ്ടെത്തിയത്. അൽഖാനിൽ നടത്തിവന്നിരുന്ന ഉദ്ഘനനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ.

ഈ ശിലാലിഖിതത്തിലെ രണ്ട് വരികൾ തമുദിക് ലിപിയിലും, ഒരു വരി ആദ്യകാല അറബിക് ലിപിയിലുമാണ് എഴുതിയിരിക്കുന്നത്. ഇത് അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ളതാണെന്നാണ് കരുതുന്നത്.

ചരിത്രപരമായി ആദ്യകാല അറബിക്, തമുദിക് ലിപികൾ ഒരുമിച്ച് ഉപയോഗിച്ചിരുന്നതിനുള്ള സാധ്യതകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് കമ്മീഷൻ അറിയിച്ചു. അറേബ്യൻ ഉപദ്വീപുകളിലെ പ്രാചീന എഴുത്തിന്റെ നാൾവഴികളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തൽ.