രാജ്യത്തെ ജനനമരണ സർട്ടിഫിക്കറ്റുകൾക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈനിലൂടെ പൂർത്തിയാക്കാമെന്ന് ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇഗവണ്മെന്റ് അതോറിറ്റി (iGA) അറിയിച്ചു. 2022 നവംബർ 27-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജനനമരണ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള പുതുക്കിയ രജിസ്‌ട്രേഷൻ നടപടികൾ https://www.bahrain.bh/new/ar/eservices-explore_ar.html എന്ന ദേശീയ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ബഹ്‌റൈൻ നാഷണൽ പോർട്ടലിലെ ഇൻഫർമേഷൻ ഗൈഡിന് കീഴിൽ ഫാമിലി ആൻഡ് റിലേഷൻഷിപ്സ് പേജിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ബഹ്‌റൈനിലെ പൗരന്മാരുടെയും, പ്രവാസികളുടെയും ജനനമരണ രജിസ്‌ട്രേഷൻ നടപടികളുമായി ബന്ധപ്പെട്ട 2019/7 എന്ന നിയമപ്രകാരമാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഈ നിയമപ്രകാരം, ബഹ്‌റൈനിലെ പൗരന്മാരും, പ്രവാസികളും രാജ്യത്ത് നടക്കുന്ന ജനനങ്ങൾ 15 ദിവസത്തിനിടയിൽ അധികൃതരെ അറിയിക്കേണ്ടതാണ്.
ബഹ്‌റൈനിൽ വെച്ച് നടക്കുന്ന മരണം 72 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ഈ നിയമം അനുശാസിക്കുന്നു. വിദേശത്ത് വെച്ച് നടക്കുന്ന ജനനമരണങ്ങൾ 60 ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. സമയബന്ധിതമായി ഇത്തരം നടപടികൾ പൂർത്തിയാക്കാത്ത ജനനമരണങ്ങളിൽ, റിപ്പോർട്ട് ചെയ്യാൻ ഉണ്ടായ കാലതാമസം സംബന്ധിച്ച് iGA-യുടെ കീഴിലെ ഒരു കമ്മിറ്റി പരിശോധിക്കുന്നതാണ്.
ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, മുതിർന്നവർക്ക് ആദ്യമായി ബർത്ത് സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള സേവനങ്ങൾ, പേര് ഉൾപ്പടെയുള്ള മാറ്റങ്ങൾ വരുത്തുന്നതിനുള്ള സേവനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും, രേഖകളും ഈ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് ഇത്തരം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സഹായിക്കുന്ന ഒരു ഓൺലൈൻ സെമിനാർ iGA-യുടെ കീഴിൽ സംഘടിപ്പിച്ചിരുന്നു.