സൗദി അറേബ്യ: ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ റമദാൻ 10 വരെ തുടരും

featured GCC News

സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2023 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ റമദാൻ 10 വരെ തുടരുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2023 മാർച്ച് 17-നാണ് ഹജ്ജ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയിൽ താമസിക്കുന്നവരും, ഇതിന് മുൻപ് ഹജ്ജ് അനുഷ്ഠിക്കാത്തവരുമായ പൗരന്മാർക്കും, പ്രവാസികൾക്കും ഹജ്ജ് രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിനായി റമദാൻ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്. അഞ്ച് കൊല്ലത്തിന് മുൻപ് ഹജ്ജ് അനുഷ്ടിച്ചവരായ ആഭ്യന്തര തീർത്ഥാടകർക്ക് റമദാൻ 10-ന് ശേഷം (പരമാവധി രജിസ്‌ട്രേഷൻ അവസാനിക്കുന്നത് വരെ) രജിസ്‌ട്രേഷൻ നിർവഹിക്കാവുന്നതാണ്.

ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ, നുസുക് ആപ്പ് ഉപയോഗിച്ചോ ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ 2023 ജനുവരി മുതൽ ആരംഭിച്ചിരുന്നു.