ദുബായ്: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ബുർജ് ഖലീഫ

UAE

അതിഗംഭീരമായ കരിമരുന്ന് പ്രദർശനത്തോടെ പുതുവർഷത്തെ സ്വാഗതം ചെയ്യുന്നതിനായി ബുർജ് ഖലീഫ ഒരുങ്ങി. ബുർജ് ഖലീഫയിൽ നടക്കുന്ന പുതുവർഷ വെടിക്കെട്ട് പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകൾ ദുബായ് മീഡിയ ഓഫീസ് പങ്ക് വെച്ചു.

ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ബുർജ് ഖലീഫയിൽ ഒരുക്കുന്ന ആകാശത്തിലെ വർണ്ണപൂരം ആഗോളതലത്തിൽ തന്നെ ഏറെ പ്രശസ്തമാണ്. 2500 ദിശകളിലേക്ക് വർണ്ണപൂക്കൾ വിതറുന്ന രീതിയിലാണ് 828 മീറ്റർ ഉയരത്തിൽ ഈ കരിമരുന്ന് പ്രയോഗം ഒരുക്കുന്നത്.

Source: WAM.

ഇതോടൊപ്പമുള്ള ജലധാര നിയന്ത്രിക്കുന്നതിനായി 344 അണ്ടർ വാട്ടർ റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്. ബുർജ് ഖലീഫയിലെ ന്യൂ ഇയർ ലൈറ്റ് ഷോയ്ക്ക് വേണ്ടി 145000 വാട്ട് വെളിച്ചവും, 4000 വാട്ട് ലേസറും ഉപയോഗപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു.

ബുർജ് ഖലീഫ ഉൾപ്പടെ ദുബായിലെ മുപ്പത് ഇടങ്ങളിലായാണ് (പ്രധാന ഹോട്ടലുകൾ, ടൂറിസം കേന്ദ്രങ്ങൾ, പൊതു ഇടങ്ങൾ) ഇത്തവണത്തെ പുതുവർഷ വേളയിലെ കരിമരുന്ന് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്.

ഇതോടൊപ്പം പ്രശസ്തരായ കലാകാരൻമാർ പങ്കെടുക്കുന്ന സംഗീത പരിപാടികൾ, മാസ്മരികമായ ഡ്രോൺ ഷോകൾ, കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന വിവിധ കലാപരിപാടികൾ മുതലായവയും പുതുവർഷ വേളയിൽ ദുബായിൽ അരങ്ങേറുന്നതാണ്.

Cover Image: WAM.