ദുബായ്: എമിറേറ്റിലെ 88% മേഖലകളിലും നിലവിൽ ബസ് സർവീസ് ലഭ്യമാണെന്ന് RTA

UAE

എമിറേറ്റിലെ ഏതാണ്ട് 88% മേഖലകളിലും നിലവിൽ ബസ് സർവീസ് ലഭ്യമാണെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 മെയ് 18-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

നിലവിൽ ദുബായിൽ 1390 ബസുകൾ പ്രതിദിനം 11000 ട്രിപ്പുകൾ നടത്തുന്നതായും RTA അറിയിച്ചിട്ടുണ്ട്. ഈ ട്രിപ്പുകളെല്ലാം സംയുക്തമായി ഏതാണ്ട് 333000 കിലോമീറ്റർ ദൂരത്തിലാണ് സർവീസുകൾ നടത്തുന്നത്.

Source: Dubai Media Office.

എമിറേറ്റിലെ പൊതു ബസ് സർവീസുകൾ ഉപയോഗിക്കുന്ന യാത്രികരുടെ എണ്ണം കഴിഞ്ഞ വർഷം 188 ദശലക്ഷം കടന്നതായും RTA കൂട്ടിച്ചേർത്തു. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുന്ന അവസരത്തിൽ 8 ശതമാനം വർദ്ധനവാണിത്. പ്രതിദിനം ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം യാത്രികരാണ് ബസ് സർവീസുകൾ ഉപയോഗപ്പെടുത്തുന്നത്.

ദുബായിലെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള ബസുകൾ നിലവിൽ 187 റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. ഇതിൽ നഗര, ഗ്രാമ പ്രദേശങ്ങളിലേക്കുള്ള 110 റൂട്ടുകളും, 64 മെട്രോ ലിങ്ക് റൂട്ടുകളും, 13 ഇന്റർസിറ്റി റൂട്ടുകളും, ഗ്ലോബൽ വില്ലേജ് പോലുള്ള കേന്ദ്രങ്ങളിലേക്കുള്ള സീസണൽ റൂട്ടുകളും ഉൾപ്പെടുന്നു.