അബുദാബി: വാണിജ്യ മേഖലയിൽ 60 ശതമാനം ജീവനക്കാർക്ക് ഹാജരാകാൻ അനുവാദം നൽകി

UAE

എമിറേറ്റിലെ വാണിജ്യ സ്ഥാപനങ്ങൾക്ക്, തങ്ങളുടെ ജീവനക്കാരിൽ 60 ശതമാനം പേരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ അനുവാദം നൽകിക്കൊണ്ട്, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ് (ADDED) വിജ്ഞാപനം പുറത്തിറക്കി. അബുദാബിയിലെ വാണിജ്യ സ്ഥാപനങ്ങൾക്കും, വ്യവസായ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. കൂടുതൽ ജീവനക്കാരെ തൊഴിലിടങ്ങളിൽ പ്രവേശിപ്പിക്കുമ്പോൾ COVID-19 സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാനും ADDED സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

സ്വകാര്യ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, ഉത്‌പാദനക്ഷമത വർധിപ്പിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് ADDED അണ്ടർ സെക്രട്ടറി റാഷിദ് അബ്ദുൽ കരിം അൽ ബലൂഷി അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതുൾപ്പടെയുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ അദ്ദേഹം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ള ജീവനക്കാർക്ക് വിദൂര സമ്പ്രദായത്തിലൂടെ തൊഴിലെടുക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാനും അദ്ദേഹം സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

തൊഴിലിടങ്ങളിൽ നടപ്പിലാക്കാനായി ADDED നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:

  • രോഗസാധ്യത കുറഞ്ഞ ജീവനക്കാരെ മാത്രം ജോലിയിൽ തിരികെ പ്രവേശിപ്പിക്കുക.
  • തൊഴിലിടങ്ങൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേണ്ടതാണ്.
  • ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്.
  • ജീവനക്കാർക്ക് മാസ്കുകൾ, കയ്യുറകൾ എന്നിവ മുഴുവൻ സമയവും നിർബന്ധമാണ്.
  • 2 മീറ്റർ എങ്കിലും സമൂഹ അകലം ഓർമ്മപെടുത്തുന്നതിനായുള്ള അടയാളങ്ങൾ തൊഴിലിടങ്ങളിൽ പ്രദർശിപ്പിക്കണം.
  • രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പിനെ (DoH) അറിയിക്കേണ്ടതാണ്.
  • സ്ഥാപനങ്ങളിലെ ജീവനക്കാർ, സന്ദർശകർ എന്നിവർ ഒത്തുകൂടാൻ സാധ്യതയുള്ള പൊതു ഇടങ്ങൾ താത്കാലികമായി അടച്ചിടേണ്ടതാണ്.

ഇത്തരം നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായുള്ള പ്രത്യേക പരിശോധനകൾ ഉണ്ടായിരിക്കുമെന്നും, വീഴ്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും ADDED അറിയിച്ചിട്ടുണ്ട്.