ഖത്തർ: എടിഎം, ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ പുതിയ കറൻസി നോട്ടുകൾ സ്വീകരിക്കാനാരംഭിച്ചു

Qatar

രാജ്യത്തെ വിവിധ ബാങ്കുകളുടെ എടിഎം, ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ ഖത്തർ അടുത്തിടെ പുറത്തിറക്കിയ പുതിയ കറൻസിനോട്ടുകൾ നിക്ഷേപിക്കുന്നതിനുള്ള സൗകര്യം നൽകിത്തുടങ്ങിയിട്ടുണ്ട്. ഇത്തരം മെഷീനുകളിൽ പുതിയ തരം കറൻസിനോട്ടുകൾ നിക്ഷേപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി വിവിധ ബാങ്കുകൾ അറിയിച്ചിട്ടുണ്ട്.

ഇതോടെ ഖത്തർ നിവാസികൾക്ക് എടിഎം മെഷീനുകളിൽ നിന്ന് പുതിയ കറൻസിനോട്ടുകൾ പിൻവലിക്കുന്നതിനൊപ്പം, ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ പുതിയ കറൻസിനോട്ടുകൾ നിക്ഷേപിക്കുന്നതിനും സാധിക്കുന്നതാണ്. ഖത്തർ നാഷണൽ ബാങ്ക്, ഖത്തർ ഇസ്ലാമിക് ബാങ്ക് എന്നിവർ തങ്ങളുടെ എടിഎം, ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ പുതിയ തരം കറൻസിനോട്ടുകൾ ഉപയോഗിക്കാമെന്ന് സമൂഹ മാധ്യമങ്ങളിലൂടെയും, ഉപഭോക്താക്കൾക്ക് അയച്ച SMS സന്ദേശങ്ങളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്.

2020 ഡിസംബർ 18-നാണ് ഖത്തർ സെൻട്രൽ ബാങ്ക് ഖത്തർ റിയാലിന്റെ അഞ്ചാം ശ്രേണിയിൽപ്പെട്ട പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കിയത്. ഈ ശ്രേണിയിൽപ്പെട്ട 200 റിയാലിന്റെ ബാങ്ക് നോട്ട് ഇത്തരം മൂല്യത്തിൽ ഖത്തറിൽ പുറത്തിറങ്ങുന്ന ആദ്യ കറൻസിയാണ്. ഈ നോട്ടുകളിലെ പുതിയ സുരക്ഷാ സംവിധാനങ്ങളും, രൂപകല്പനയിലെ മാറ്റങ്ങളും മൂലം ബാങ്കുകൾക്ക് തങ്ങളുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകൾ നവീകരിക്കേണ്ടതായി വന്നിരുന്നു.