എമിറേറ്റിലെ വാണിജ്യശാലകളിലും, വ്യാപാര സ്ഥാപനങ്ങളിലും നടക്കുന്ന ഉപഭോക്താക്കൾക്കിടയിലുള്ള സമൂഹ അകലം പാലിക്കുന്നതിലെ വീഴ്ചകൾ കണ്ടെത്തുന്നതിനായുള്ള സ്മാർട്ട് സംവിധാനവുമായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്മെന്റ് (ADDED). ADDED, അബുദാബി മോണിറ്ററിങ്ങ് ആൻഡ് കണ്ട്രോൾ സെന്റർ എന്നിവർ സംയുക്തമായാണ് ഈ നിരീക്ഷണ സംവിധാനം ഒരുക്കുന്നത്.
സ്മാർട്ട് എമർജൻസി കണ്ട്രോൾ സെന്റർ എന്ന ഈ സംവിധാനത്തിലൂടെ എമിറേറ്റിലെ എല്ലാ വ്യാപാര കേന്ദ്രങ്ങളിലും നിരീക്ഷണം ഉറപ്പാക്കാനും, അതിലൂടെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനും അധികൃതർക്ക് സാധിക്കുന്നു.
വിദൂരമായി ഇത്തരം സ്ഥാപനങ്ങളിലെ അകത്തുനിന്നും, പുറത്തുനിന്നുമുള്ള ദൃശ്യങ്ങളെ തുടർച്ചയായി നിരീക്ഷിക്കുന്നതിനും, വിശകലന പ്രക്രിയകളിലൂടെ ഇത്തരം കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾ വരുത്തുന്ന സമൂഹ അകലം ഉൾപ്പടെയുള്ള സുരക്ഷാ മുൻകരുതലുകളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിധേയമായാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കുന്നതും, ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് കൂട്ടംകൂടുന്നതുൾപ്പടെയുള്ള സുരക്ഷാ വീഴ്ചകൾ തടയുന്നതിനും ഈ സംവിധാനത്തിലൂടെ ADDED ലക്ഷ്യമിടുന്നു. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൊറോണ വൈറസ് വ്യാപന സാധ്യതകൾ പരമാവധി കണ്ടെത്തി തടയുന്നതിനുള്ള ADDED നടപടികളുടെ ഭാഗമായാണ് ഈ പുതിയ സ്മാർട്ട് സംവിധാനം ഒരുക്കുന്നത്.
ഇതിന്റെ ഭാഗമായി സ്മാർട്ട് എമർജൻസി കണ്ട്രോൾ സെന്ററുമായി ബന്ധപെടുത്തിയിട്ടുള്ള വ്യാപാര കേന്ദ്രങ്ങളിലെ CCTV ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഈ സംവിധാനം 24 മണിക്കൂർ നേരവും പരിശോധിക്കുകയും, കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകളെ ഉടനടി തന്നെ ബന്ധപ്പെട്ട അധികൃതരിലേക്ക് എത്തിക്കുകയും ചെയ്യുന്നു. സ്ഥാപനങ്ങളിലെ ആരോഗ്യ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള, പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ പരിശോധിക്കുന്നതിനും, ഇത്തരം കേന്ദ്രങ്ങളിൽ നേരിട്ട് പരിശോധനകൾ നടത്തുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ തത്സമയം നൽകുന്നതിനും സ്മാർട്ട് എമർജൻസി കണ്ട്രോൾ സെന്റർ സഹായകമാകുമെന്ന് ADDED അണ്ടർ സെക്രട്ടറി റഷീദ് അബ്ദുൽ കരിം അൽ ബലൂഷി വ്യക്തമാക്കി.
“ഉപഭോക്താക്കൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, സ്ഥാപന ഉടമ മുതലായവർ സ്ഥാപനങ്ങളുടെ അകത്തും, പുറത്തും നടത്തുന്ന സമൂഹ അകലം പാലിക്കാതിരിക്കുക, കൂട്ടംകൂടുക മുതലായ വീഴ്ചകൾ കണ്ടെത്തുന്നതിന് ഈ സംവിധാനം ഏറെ പ്രയോജനപ്രദമാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്കുകൾ, കയ്യുറകൾ എന്നിവയുടെ ഉപയോഗം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കാനും അദ്ദേഹം ഉപഭോക്താക്കളോട് ആഹ്വാനം ചെയ്തു.