യു എ ഇ: 6 ദശലക്ഷത്തിൽ പരം COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് ഇതുവരെ 6 ദശലക്ഷത്തിൽ പരം COVID-19 ടെസ്റ്റുകൾ നടത്തിയതായി യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി HE അബ്ദുൽ റഹ്മാൻ അൽ ഒവൈസ് അറിയിച്ചു. കൊറോണ വൈറസ് സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ടുള്ള ഓഗസ്റ്റ് 18-ലെ പ്രത്യേക പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ഏതാനം ആഴ്ചകളിലായി രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിൽ വലിയ നിയന്ത്രണം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെങ്കിലും, രണ്ടു ദിവസങ്ങളിലായി പ്രകടമാകുന്ന ദിനംപ്രതിയുള്ള രോഗബാധിതരുടെ എണ്ണത്തിലെ പെട്ടെന്നുള്ള വർദ്ധനവ് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുജനങ്ങളോട് ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ തുടരാനും, കുടുംബങ്ങളിലെ ഒത്തുചേരലുകൾ, മറ്റു സാമൂഹികമായ ചടങ്ങുകളിലെ ഒത്തുകൂടലുകൾ എന്നിവ ഒഴിവാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ സ്വീകരിച്ച സന്നദ്ധസേവകരിൽ പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ പ്രകടമായിട്ടില്ലെന്നും അൽ ഒവൈസ് വ്യക്തമാക്കി. വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളികളായവരുടെ സമൂഹത്തോടുള്ള പ്രതിബദ്ധതയിൽ അദ്ദേഹം അഭിനന്ദനം രേഖപ്പെടുത്തി. കൂടുതൽ പേരോട് വാക്സിൻ ക്ലിനിക്കൽ ട്രയലിൽ സന്നദ്ധസേവകരാകാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

യു എ ഇയിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ മെഡിക്കൽ റിസെർച്ചിന്റെ പ്രാധാന്യത്തെക്കുറിച്ചും അൽ ഒവൈസ് ചൂണ്ടിക്കാട്ടി. COVID-19 ഉൾപ്പടെയുള്ള പകർച്ചവ്യാധികൾക്കെതിരായ ഗവേഷണ പ്രവർത്തനങ്ങൾ നയിക്കുന്നതിൽ ഈ കേന്ദ്രം വഹിക്കുന്ന വലിയ ചുമതലയെക്കുറിച്ച് അദ്ദേഹം സമൂഹത്തെ ഓർമ്മപ്പെടുത്തി.