ഷാർജ: സ്വകാര്യ വിദ്യാലയങ്ങളിൽ വെള്ളി, ശനി, ഞായർ വാരാന്ത്യ അവധിദിനങ്ങളായി കണക്കാക്കുമെന്ന് SPEA

GCC News

എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഴ്ച്ച തോറും വെള്ളി, ശനി, ഞായർ ദിനങ്ങൾ വാരാന്ത്യ അവധിദിനങ്ങളായി കണക്കാക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു. ഈ തീരുമാനം 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും SPEA അറിയിച്ചിട്ടുണ്ട്.

2021 ഡിസംബർ 12-നാണ് SPEA ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഷാർജയിലെ സ്വകാര്യ സ്‌കൂളുകൾ, യൂണിവേഴ്സിറ്റികൾ മുതലായ സ്ഥാപനങ്ങളിൽ ആഴ്ച്ച തോറും മൂന്ന് ദിവസത്തെ വാരാന്ത്യം എന്ന രീതി നടപ്പിലാകുന്നതാണ്.

ആഴ്ച്ച തോറുമുള്ള വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്നതിനുള്ള ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് SPEA ഇത്തരം ഒരു അറിയിപ്പ് നൽകിയത്. എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളുടെ പ്രവർത്തനം ആഴ്ച്ചയിൽ നാല് ദിവസം മാത്രമാക്കി നിജപ്പെടുത്താൻ ഷാർജ ഭരണാധികാരി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖസ്സിമി നിർദ്ദേശം നൽകിയതായി SPEA ഡയറക്ടർ അലി അൽ ഹോസാനി വ്യക്തമാക്കി.

വിദ്യാലയങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിനങ്ങളിൽ വ്യക്തമാക്കുമെന്നും SPEA അറിയിച്ചിട്ടുണ്ട്.

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാല് പ്രവർത്തിദിനങ്ങൾ നടപ്പിലാക്കുന്നതിനും, ആഴ്ച്ച തോറും വെള്ളി, ശനി, ഞായർ ദിനങ്ങൾ വാരാന്ത്യ അവധിദിനങ്ങളായി കണക്കാക്കുന്നതിനും തീരുമാനിച്ചതായി ഷാർജ സർക്കാർ 2021 ഡിസംബർ 9-ന് അറിയിച്ചിരുന്നു.

രാജ്യത്തെ ഫെഡറൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷവും, ശനി, ഞായർ എന്നീ ദിവസങ്ങളും അവധിയായിരിക്കുമെന്ന് യു എ ഇ സർക്കാർ ഡിസംബർ 7-ന് അറിയിച്ചിരുന്നു.