2023 ജനുവരി 3, ചൊവ്വാഴ്ച വരെ രാജ്യത്ത് കനത്ത മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 ഡിസംബർ 27-ന് വൈകീട്ടാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, 2022 ഡിസംബർ 29 വ്യാഴാഴ്ച രാത്രി മുതൽ 2023 ജനുവരി 3, ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ട്. മക്ക, അൽ ബാഹ, അസീർ മുതലായ മേഖലകളിലെ വിവിധ ഗവർണറേറ്റുകളിൽ വ്യാഴാഴ്ച ശക്തമായ മഴ ലഭിക്കുമെന്നും, ഈ പ്രദേശങ്ങളിൽ വെള്ളി, ശനി ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മദീന, ഖാസിം, റിയാദ് തുടങ്ങിയ മേഖലകളിലെ വിവിധ ഗവർണറേറ്റുകളിൽ വെള്ളി, ശനി ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്. അൽ ശർഖിയ, ജസാൻ, നജ്‌റാൻ മേഖലകളിൽ വെള്ളി, ശനി ദിനങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുന്നതാണ്.
ഈ മേഖലകളിൽ മഴയോടൊപ്പം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച മറയുന്നതിനും സാധ്യതയുണ്ടെന്നും, വെള്ളത്തിന്റെ കുത്തൊഴുക്ക് അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മദീന, അൽ ശർഖിയ, നോർത്തേൺ ബോർഡേഴ്സ്, അൽ ജൗഫ്, ഹൈൽ, തബൂക് മുതലായ ഇടങ്ങളിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
Cover Image: Saudi Press Agency.