രാജ്യത്ത് ദോഫാർ, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിൽ 2023 മാർച്ച് 22, ബുധനാഴ്ച രാവിലെ വരെ അതിശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 മാർച്ച് 20-ന് രാത്രിയാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ദോഫാർ, അൽ വുസ്ത തുടങ്ങിയ ഗവർണറേറ്റുകളിൽ 2023 മാർച്ച് 21, ചൊവ്വാഴ്ച മുതൽ 2023 മാർച്ച് 22, ബുധനാഴ്ച രാവിലെ വരെ അതിശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ചയോടെ ഈ മഴ സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഖിലിയ, അൽ ദഹിറാഹ്, അൽ ബുറൈമി, മുസന്ദം, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, മസ്കറ്റ് തുടങ്ങിയ ഗവർണറേറ്റുകളിലേക്ക് വ്യാപിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
താഴ്‌വരകളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുള്ളതായി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടൊപ്പം ശക്തമായ കാറ്റ്, ആലിപ്പഴം പൊഴിയൽ എന്നിവയും അനുഭവപ്പെടാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഈ കാലയളവിൽ താഴ്‌വരകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കാനും, പെട്ടന്ന് വെള്ളം ഉയരാനിടയുള്ള മേഖലകളിൽ നിന്ന് വിട്ട് നിൽക്കാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. അറബിക്കടലിന്റെ തീരപ്രദേശങ്ങളിലും, സൗത്ത് ശർഖിയ ഗവർണറേറ്റിന്റെ തീരദേശമേഖലകളിലും കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും, ഒന്നര മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
2023 മാർച്ച് 20, തിങ്കളാഴ്ച, മാർച്ച് 21, ചൊവ്വാഴ്ച എന്നീ ദിവസങ്ങളിൽ രാജ്യത്തെ ഏതാനം ഗവർണറേറ്റുകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിപ്പ് നൽകിയിരുന്നു.