സൗദി അറേബ്യ: മക്ക മേഖലയിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

GCC News

മക്ക മേഖലയിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും ഡിസംബർ 23, വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജിദ്ദയിൽ സാമാന്യം ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുണ്ടെന്നും, കടലിൽ തിരമാലകൾ ഉയരുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

ഈ അറിയിപ്പ് പ്രകാരം മക്ക നഗരം, ജിദ്ദ, റാബിഗ്, തായിഫ്, ജുമൂം, അൽ കമേൽ, ഖുലൈസ്, ഖുൻഫുദഹ്, മൈസാൻ മുതലായ പ്രദേശങ്ങളിൽ ഡിസംബർ 23 വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മഴ കണക്കിലെടുത്ത് ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

താഴ്‌വരകൾ, വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുള്ള ഇടങ്ങൾ, ഡാമുകൾ ഉൾപ്പടെയുള്ള ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ മുതലായ ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ സിവിൽ ഡിഫൻസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാതയരികുകളിലെ ഇലക്ട്രിക്ക് പോസ്റ്റുകൾ, ഇലക്ട്രിക്ക് ജനറേറ്ററുകൾ മുതലായവയുടെ സമീപത്ത് നിൽക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.

Cover Image: Saudi Press Agency.