ഒമാൻ: വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

Oman

രാജ്യത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 ജൂലൈ 24-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, 2022 ജൂലൈ 26, ചൊവ്വാഴ്ച, 2022 ജൂലൈ 27, ബുധനാഴ്ച എന്നീ ദിനങ്ങളിൽ ഒമാനിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. ഇന്ത്യൻ തീരത്ത് രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലമാണ് ഈ മഴയെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

ഒമാനിലെ വടക്കന്‍ മേഖലകളിലാണ് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത അറിയിച്ചിരിക്കുന്നത്. നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, മസ്കറ്റ്, സൗത്ത് അൽ ബത്തീന, നോർത്ത് അൽ ബത്തീന, അൽ ബുറൈമി, അൽ ദഹിരാ, അൽ ദാഖിലിയ, മുസന്ദം മുതലായ ഇടങ്ങളിൽ ഇതിന്റെ ഭാഗമായി 30 മുതൽ 80 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതാണ്.

ഏതാനം ഇടങ്ങളിൽ ആലിപ്പഴം പൊഴിയുന്നതിന് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും, താഴ്‌വരകളിലും വെള്ളം കുത്തിയൊലിച്ച് വരുന്നതിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതോടൊപ്പം 40 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നതിനും, കടലിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി