ഒമാൻ-ഇന്ത്യ വാണിജ്യ ബന്ധം ശക്തം; 2019-ൽ 3.42 ബില്യൺ ഡോളറിന്റെ വ്യാപാര വിനിമയം

Business Oman

‘ഇന്ത്യ-ഒമാൻ വ്യാപാര സഹകരണ മേഖലയിലെ പ്രതീക്ഷകൾ’ എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി (OCCI) നടത്തിയ പ്രത്യേക ഓൺലൈൻ യോഗം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുന്നതായി വിലയിരുത്തി. വിവിധ വ്യാപാര, വാണിജ്യ, നിക്ഷേപ മേഖലകളിൽ ഇരുരാജ്യങ്ങളും പ്രകടമാക്കുന്ന സഹകരണം, പങ്കാളിത്തം എന്നിവ ഇതിനു അടിവരയിടുന്നതാണെന്ന് OCCI ചെയർമാൻ ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ് അഭിപ്രായപ്പെട്ടു. യോഗത്തിൽ ഇന്ത്യൻ ചേംബേഴ്‌സിന്റെ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു.

“ലഭ്യമാകുന്ന കണക്കുകൾ പ്രകാരം 2019-ൽ മാത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം ഏതാണ്ട് ഒരു ബില്യൺ ഒമാൻ റിയാലിനു (3.4 ബില്യൺ ഡോളർ) മുകളിലാണ്”, അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് 2019-ൽ ഏതാണ്ട് 445 മില്യൺ ഒമാൻ റിയാലിന്റെ ഇറക്കുമതിയാണ് നടന്നത്. ഇതേ കാലയളവിൽ ഏതാണ്ട് 725 മില്യൺ ഒമാൻ റിയാലിന്റെ കയറ്റുമതി ഇന്ത്യയിലേക്ക് നടന്നിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2019 വരെ ഏതാണ്ട് 276 മില്യൺ ഒമാൻ റിയാലിന്റെ ഇന്ത്യൻ നിക്ഷേപം രാജ്യത്ത് രേഖപെടുത്തിയിട്ടുണ്ട്. 2018 അവസാനത്തോടെ, ഒമാനിലെ ആഭ്യന്തര ഉത്പാദനം ഏതാണ്ട് 30.5 ബില്യൺ ഒമാൻ റിയായിലേക്ക് എത്തിയതായും, അദ്ദേഹം കൂട്ടിച്ചേർത്തു.

OCCI-യുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെ, യോഗത്തിൽ പങ്കെടുത്തുകൊണ്ട് ഒമാനിലെ ഇന്ത്യൻ അംബാസിഡർ മനു മഹാവർ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ സുദൃഢമാക്കുന്നതിൽ OCCI വഹിക്കുന്ന പങ്കിനെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഇരു രാജ്യങ്ങളിലെയും നേതൃത്വം ഈ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി കൈക്കൊള്ളുന്ന നിലപാടുകളെയും അംബാസിഡർ പ്രകീർത്തിച്ചു. ആരോഗ്യ പരിചരണം, ഭക്ഷ്യോത്പാദനം, ഖനനം മുതലായ മേഖലകളിൽ ഇരു രാജ്യങ്ങൾക്കും കൂടുതൽ സംയുക്തമായുള്ള പ്രവർത്തനങ്ങൾ സാധ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.