2024 ഓഗസ്റ്റ് 21, ബുധനാഴ്ച വരെ രാജ്യത്ത് മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. 2024 ഓഗസ്റ്റ് 17-നാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്ത് 2024 ഓഗസ്റ്റ് 19, തിങ്കളാഴ്ച മുതൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 19 മുതൽ ഓഗസ്റ്റ് 21 വരെ ഒമാനിൽ ഒറ്റപ്പെട്ട മഴ, ഏതാനം ഇടങ്ങളിൽ ഇടിയോട് കൂടിയ മഴ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് CAA അറിയിപ്പിൽ വ്യക്തമാക്കുന്നു.
അറബി കടലിൽ രൂപം കൊണ്ടിട്ടുള്ള ഒരു ന്യൂനമർദ്ധത്തിന്റെ പ്രഭാവം മൂലമാണ് ഒമാനിൽ ഈ കാലയളവിൽ മഴയ്ക്ക് സാധ്യതയുള്ളതെന്ന് CAA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓഗസ്റ്റ് 19, 20 തീയതികളിൽ സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഖിലിയ, അൽ വുസ്ത, ദോഫാർ, മസ്കറ്റ്, സൗത്ത് അൽ ബതീന, അൽ ദഹിറാഹ് മേഖലകളിലും, അൽ ഹജാർ മലനിരകളിലും ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന് CAA അറിയിച്ചിട്ടുണ്ട്.
ഈ മേഖലകളിൽ 15 മുതൽ 45 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുള്ളതിനാൽ ഇവിടങ്ങളിലെ താഴ്വരകൾ നിറഞ്ഞ് കവിയുന്നതിനും, പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് CAA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലകളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും CAA അറിയിച്ചിട്ടുണ്ട്. അറബി കടലിലും, ഒമാൻ കടലിന്റെ തീര പ്രദേശങ്ങളിലും നാല് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്.
ഓഗസ്റ്റ് 21, ബുധനാഴ്ചയോടെ മഴയുടെ ശക്തി കുറയുമെങ്കിലും അൽ വുസ്ത, ദോഫാർ, അൽ ഹജാർ മലനിരകൾ തുടങ്ങിയ മേഖലകളിൽ വൈകീട്ടോടെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ബുധനാഴ്‌ച്ച വൈകീട്ട് 10 മുതൽ 25 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്.