രാജ്യത്ത് ഡിസംബർ 25 മുതൽ ഡിസംബർ 28 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
യു എ ഇയുടെ വടക്കന്‍ മേഖലകളിലും, കിഴക്കൻ മേഖലകളിലും, തീരദേശ പ്രദേശങ്ങളിലും ഞായറാഴ്ച മഴ പെയ്യുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. അന്തരീക്ഷ താപനില ഗണ്യമായി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
വടക്ക് കിഴക്കൻ മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ, പെട്ടന്നുള്ള വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ പൊതുജനങ്ങൾക്ക് ഡിസംബർ 25-ന് രാവിലെ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 20 മുതൽ 30 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തീരദേശമേഖലകളിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.