ഒമാൻ: വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

GCC News

രാജ്യത്ത് ഡിസംബർ 28 വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 ഡിസംബർ 23-ന് രാത്രിയാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഡിസംബർ 25, ഞായറാഴ്ച വരെ മുസന്ദം, നോർത്ത് അൽ ബതീന, ബുറൈമി എന്നിവിടങ്ങളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഏതാനം ഇടങ്ങളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിനും, വാദികൾ നിറഞ്ഞ് കവിയുന്നതിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഡിസംബർ 26 മുതൽ 28 വരെ രാജ്യത്തിന്റെ വടക്കന്‍ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.