രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 26, വെള്ളിയാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 മെയ് 24-ന് രാത്രിയാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും മെയ് 26 മുതൽ മെയ് 30, ചൊവ്വാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുന്നതാണ്.
ഈ കാലയളവിൽ അസിർ, അൽ ബാഹ, മക്ക, ജസാൻ, തബൂക് മുതലായ മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മേഖലകളിൽ മഴയ്ക്കൊപ്പം ആലിപ്പഴം പൊഴിയുന്നതിനും, അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് ഇടയാക്കുന്ന ശക്തമായ കാറ്റ്, വെള്ളത്തിന്റെ കുത്തൊഴുക്ക് എന്നിവയ്ക്കും സാധ്യതയുണ്ട്. മെയ് 27, ശനിയാഴ്ച മുതൽ ഈ മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ് പ്രദേശങ്ങളിൽ ശനിയാഴ്ച മുതൽ ഈ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്നും, തിങ്കൾ, ചൊവ്വ ദിനങ്ങളിൽ ഇതിന്റെ പ്രഭാവം ശക്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റിയാദ്, അൽ ഖാസിം, ഹൈൽ, നജ്‌റാൻ എന്നീ മേഖലകളിലും, മക്ക, മദീന എന്നിവയുടെ വിവിധ പ്രദേശങ്ങളിലും വെള്ളിയാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴ, മണിക്കൂറിൽ അമ്പത് കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്.
Cover Image: Saudi Press Agency.