രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഓഗസ്റ്റ് 5 മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 3-നാണ് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
2024 ഓഗസ്റ്റ് 5 മുതൽ ഓഗസ്റ്റ് 7 വരെ ഒമാനിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയിട്ടുള്ള ഈ അറിയിപ്പ് പ്രകാരം ഒമാനിൽ ഓഗസ്റ്റ് 5, തിങ്കളാഴ്ച വൈകീട്ട് മുതൽ ഒരു ന്യൂനമർദ്ധത്തിന്റെ പ്രഭാവം പ്രകടമാകുന്നതാണ്. ഇത് രാജ്യവ്യാപകമായി ഇടിയോട് കൂടിയ മഴയ്ക്ക് കാരണമാകുന്നതാണ്.
സൗത്ത് അൽ ബതീന, നോർത്ത് അൽ ബതീന, മസ്കറ്റ്, അൽ ദാഖിലിയ, അൽ ദഹിറാഹ്, അൽ ബുറൈമി, അൽ വുസ്ത, നോർത്ത് അൽ ശർഖിയ, മുസന്ദം തുടങ്ങിയ പ്രദേശങ്ങളിൽ ഇത് മൂലം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 5, 6 തീയതികളിൽ അൽ ഹജാർ മലനിരകളിലും, പരിസരങ്ങളിലും ഇടിയോട് കൂടിയ ശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഈ മേഖലകളിൽ 25 മുതൽ 50 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നും, ഇത് വാദികൾ നിറഞ്ഞ് കവിയുന്നതിന് ഇടയാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ മേഖലകളിൽ മണിക്കൂറിൽ 28 മുതൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്.
അൽ ഹജാർ മലനിരകളിലും, തീരപ്രദേശങ്ങളിലും ഓഗസ്റ്റ് 7-ന് ഇടിയോട് കൂടിയ മഴ തുടരുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. 20 മുതൽ 40 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുള്ളതിനാൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.