അബുദാബി: കുട്ടികൾക്കും, പ്രായമായവർക്കും SEHA കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം; മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല

UAE

എമിറേറ്റിലെ പ്രായമായ പൗരന്മാർക്കും, പ്രവാസികൾക്കും മുൻ‌കൂർ ബുക്കിംഗ് കൂടാതെ SEHA-യുടെ കീഴിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി COVID-19 വാക്സിൻ കുത്തിവെപ്പുകൾ, ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ എന്നിവ സ്വീകരിക്കാവുന്നതാണെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) വ്യക്തമാക്കി. എമിറേറ്റിലെ കുട്ടികൾക്കും ഇപ്രകാരം മുൻ‌കൂർ ബുക്കിംഗ് കൂടാതെ വാക്സിൻ ലഭ്യമാണെന്ന് DoH കൂട്ടിച്ചേർത്തു.

എമിറേറ്റിലെ മൂന്ന് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ ലഭ്യമാണെന്നും, 12 വയസും, അതിനു മുകളിലും പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് വാക്സിൻ ലഭ്യമാണെന്നും DoH അറിയിച്ചിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ചിട്ടുള്ള പ്രായമായ വ്യക്തികൾക്കുള്ള (പൗരന്മാർക്കും, പ്രവാസികൾക്കും ബാധകം) ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകളും അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിലുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണ്.

കുട്ടികൾക്കും പ്രായമായവർക്കും അബുദാബിയിലെ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും വാക്-ഇൻ രീതിയിൽ വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. https://www.doh.gov.ae/en/covid-19/national-vaccination എന്ന വിലാസത്തിൽ നിന്ന് എമിറേറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭ്യമാണ്.