സൗദിയിലെ സിനിമാശാലകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ (GCAM) ജൂൺ 21-നു അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഇവ പ്രവർത്തിപ്പിക്കുക എന്നും അധികൃതർ കൂട്ടിച്ചേർത്തു.
തുറന്ന്പ്രവർത്തിക്കുന്ന സിനിമാശാലകളിൽ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം സന്ദർശകർ തമ്മിൽ 1.5 മീറ്റർ എങ്കിലും ദൂരം ഉറപ്പാക്കുന്നതിനുള്ള, സമൂഹ അകലം ഓർമ്മപെടുത്തുന്ന അടയാളങ്ങൾ ഇത്തരം കേന്ദ്രങ്ങളിൽ നിർബന്ധമായും പതിക്കേണ്ടതാണ്. തീയറ്ററുകളിലെ ഇരിപ്പിടങ്ങൾ സമൂഹ അകലം പാലിച്ച് കൊണ്ടായിരിക്കണം ഏർപ്പെടുത്തേണ്ടതെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഓരോ സന്ദർശകരുടെയും ഇടയിൽ ഒരു സീറ്റ് വീതം ഒഴിച്ചിട്ട് കൊണ്ടായിരിക്കും സിനിമാശാലകൾ പ്രവർത്തിപ്പിക്കുക. കുടുംബങ്ങൾക്ക് ഒന്നിച്ചിരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം.
ടിക്കറ്റുകൾ കഴിയുന്നതും ഓൺലൈൻ വഴിയായിരിക്കണം ബുക്ക് ചെയ്യേണ്ടതെന്ന് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറുകളിൽ തിരക്ക് അനുവദിക്കില്ല. സന്ദർശകർക്കായി സാനിറ്റൈസറുകൾ ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ഒരുക്കണമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ടച്ച് സ്ക്രീൻ സംവിധാനങ്ങളോട് കൂടിയ കിയോസ്‌ക്കുകൾ, പത്രമാസികകൾ മുതലായവ ഒഴിവാക്കണം. ജീവനക്കാരും സന്ദർശകരും തമ്മിൽ ഇടപഴകലുകൾ കഴിയുന്നത്ര ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാവർക്കും മാസ്കുകൾ ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമാണ്.
സിനിമാപ്രദർശനങ്ങൾക്ക് മുൻപുള്ള പരസ്യങ്ങളിൽ COVID-19 ബോധവത്കരണം നൽകുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് മുതൽ സൗദിയിലെ സിനിമാശാലകൾ അടച്ചിട്ടിരിക്കുകയായിരുന്നു.