രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള ട്രാൻസിറ്റ് സർവീസുകൾ ഉൾപ്പടെ എല്ലാ യാത്രാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെക്കാൻ യു എ ഇ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. കൊറോണാ വൈറസിന്റെ വ്യാപനം തടയുന്നതിനായി നാഷണൽ എമെർജെൻസി ആൻഡ് ക്രൈസിസ് മാനേജ്‌മന്റ് അതോറിറ്റിയും വ്യോമയാന വകുപ്പും ചേർന്നാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്. 48 മണിക്കൂറിനു ശേഷം നിലവിൽ വരുന്ന ഈ തീരുമാനം നിലവിൽ രണ്ടാഴ്ചത്തേക്കാണ് നടപ്പിലാക്കുന്നത്.
നിലവിൽ ചരക്ക് വിമാനങ്ങൾക്കും അടിയന്തിരമായ ആവശ്യങ്ങൾക്കുള്ള വിമാന സർവീസുകൾക്കും വിലക്ക് ബാധകമല്ലെന്നും ഈ വിലക്കിന്റെ കാലാവധി തുടർച്ചയായ അവലോകങ്ങൾക്ക് വിധേയമായി ആവശ്യമെങ്കിൽ നീട്ടുന്നതാണെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ചരക്ക് വിമാനങ്ങളെയും മറ്റു അടിയന്തിര ഘട്ടങ്ങളിൽ അനുമതി നൽകുന്ന വിമാനങ്ങളെയും ആരോഗ്യ സുരക്ഷാ മന്ത്രാലയത്തിന്റെ കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കൂ.
വിമാന സർവീസുകൾ പുനരാരംഭിക്കുന്ന സന്ദർഭത്തിൽ യാത്രക്കാർക്ക് ആവശ്യമായ സുരക്ഷാ പരിശോധനകളും ഐസൊലേഷൻ നടപടികളും ആ ഘട്ടങ്ങളിൽ കൈക്കൊള്ളുമെന്നും അറിയിപ്പിൽ പറയുന്നു.