കൊറോണാ വൈറസ് ബോധവത്കരണത്തിന്റെ ഭാഗമായി ക്വാറന്റീൻ നടപടികളും ഐസൊലേഷൻ നടപടികളും വിശദമാക്കിക്കൊണ്ട്, അവ തമ്മിലുള്ള വ്യത്യാസങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാൻ സഹായകവുമാകുന്ന വിവരങ്ങൾ യു എ ഇ ആരോഗ്യ സുരക്ഷാ മന്ത്രാലയം ട്വിറ്ററിലൂടെ പങ്കുവെച്ചു.
ഈ രണ്ട് നടപടികളും രോഗബാധിതരിൽ നിന്നോ, അവരുമായി അടുത്തിടപഴകാനിടയായവരിൽ നിന്നോ പൂർണ്ണാരോഗ്യമുള്ള മറ്റു ആളുകളിലേക്ക് പകർച്ചാവ്യാധികൾ തടയുന്നതിനായി ആരോഗ്യ സുരക്ഷാ വിദഗ്ദ്ധർ ഉപയോഗിക്കുന്ന മാർഗങ്ങളാണെങ്കിലും ഇവ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട് എന്ന് ആരോഗ്യ സുരക്ഷാ മന്ത്രാലയം പങ്കുവെച്ച ബോധവത്കരണ കുറിപ്പിൽ പറയുന്നു.
പകർച്ചവ്യാധികൾ സ്ഥിരീകരിച്ച വ്യക്തികളെ, രോഗമില്ലാത്തവരിൽ നിന്നും പൂർണ്ണമായി വേർതിരിക്കുന്ന നടപടിയെയാണ് ഐസൊലേഷൻ എന്ന് പറയുന്നത്. പടരാവുന്ന രോഗം ബാധിച്ചവരെയാണ് ഈ നടപടികൾക്ക് വിധേയരാക്കുക. ഐസൊലേഷനിൽ ആക്കുന്നതോടെ രോഗം ബാധിച്ച വ്യക്തിയിൽ നിന്ന് ആരോഗ്യമുള്ള മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതകൾ ഒഴിവാകുന്നു. രോഗബാധിതർക്ക് മറ്റുള്ളവരുമായി ഇടപഴകലുകൾ കൂടാതെ ചികിത്സകൾ സ്വീകരിക്കാനും ഇതിലൂടെ കഴിയുന്നു.
രോഗബാധിതരുമായി അടുത്തിടപഴകിയവർ എന്ന് സംശയിക്കുന്ന വ്യക്തികൾ, പകർച്ചവ്യാധികളായ രോഗങ്ങളുള്ള ഇടങ്ങളിലൂടെ സഞ്ചരിച്ച് വന്നവർ എന്നിങ്ങനെ രോഗസാധ്യത നിലനിൽക്കുന്നവരും, എന്നാൽ രോഗമുണ്ടോ എന്ന് പരിശോധിച്ച് സ്ഥിരീകരണം ലഭിക്കാത്തവരുമായ വ്യക്തികളുടെ മറ്റുള്ളവരുമായി ഇടപഴകാനുള്ള സാധ്യതകൾ ഒഴിവാക്കുന്നതിനായി അവരെ താത്കാലികമായി എവിടെയെങ്കിലും തടഞ്ഞു വെക്കുന്നതിനെയാണ് ക്വാറന്റീൻ എന്ന് പറയുന്നത്. ഇങ്ങനെയുള്ളവരെ ആശുപത്രികളിലോ, വീടുകളിലോ, പ്രത്യേക ആരോഗ്യസംവിധാനങ്ങളുള്ള ഇടങ്ങളിലോ എല്ലാം ഇങ്ങിനെ താമസിപ്പിക്കാറുണ്ട്. ഇങ്ങിനെ രോഗ സാധ്യത സംശയിക്കുന്നവരെ എവിടെ ക്വാറന്റീൻ ചെയ്യണം എന്നത് സംബന്ധിച്ച തീരുമാനങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് സാധാരണ ആരോഗ്യ വിദഗ്ധരാണ് കൈകൊള്ളാറുള്ളത്.
ക്വാറന്റീൻ നടപടികൾക്ക് വിധേയരായവരെ ഐസൊലേഷനിലെ പോലെ പൂർണ്ണമായും ഒറ്റപ്പെടുത്തി അല്ല താമസിപ്പിക്കുന്നത്. സാധാരണയായി ഇവർക്ക് ആവശ്യമായ ഭക്ഷണം, മറ്റു ആവശ്യങ്ങൾ എന്നിവ സാധിക്കാവുന്ന തരത്തിലാണ് ഇവരെ പാർപ്പിക്കാറുള്ളത്. രോഗം പകരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ പാലിച്ച് കൊണ്ട് ബന്ധുക്കളുടെയും മറ്റും സഹായത്തോടെ ദൈനംദിന കാര്യങ്ങളിൽ ഒരു പരിധി വരെ ഇടപെടാനും ഇവരെ അനുവദിക്കാറുണ്ട്. ക്വാറന്റീനിൽ തുടരുമ്പോൾ തന്നെ ഇവരെ ആരോഗ്യ സൂക്ഷ്മപരിശോധനകൾക്ക് വിധേയരാക്കുകയും ചെയ്യാറുണ്ട്.