യു എ ഇ: മാസ്കുകളും കയ്യുറകളും പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി നിക്ഷേപിച്ചാൽ 1000 ദിർഹം പിഴ

GCC News

ഉപയോഗിച്ച മാസ്കുകളും കയ്യുറകളും ശരിയായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യാത്തവർക്കെതിരെ യു എ ഇയിൽ നടപടികൾ കർശനമാക്കി. മാസ്കുകളും കയ്യുറകളും പൊതു ഇടങ്ങളിലോ, റോഡിലോ അലക്ഷ്യമായി നിക്ഷേപിച്ചാൽ 1000 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണെന്ന് അബുദാബി പോലീസ് അറിയിച്ചു. വാഹനങ്ങളിൽ നിന്ന് ഇവ റോഡിൽ വലിച്ചെറിയുന്നവർക്ക് പിഴയ്ക്ക് പുറമെ ലൈസൻസിൽ 6 ബ്ലാക്ക് പോയിന്റ് കൂടി ചുമത്തപ്പെടും.

ഇത്തരം ഉത്തരവാദിത്വമില്ലാത്ത പ്രവർത്തികൾ പരിസര മലിനീകരണത്തിന് പുറമെ നിലവിലെ സാഹചര്യത്തിൽ കൊറോണാ വൈറസ് ബാധ വ്യാപിക്കുന്നതിനും ഇടയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സമൂഹത്തിന്റെ പൊതുവായ സുരക്ഷയെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് ജനങ്ങളോട് പോലീസ് ഓർമിപ്പിച്ചു. പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന ഇത്തരം പ്രവർത്തികളിൽ നിന്ന് പൊതുജനം വിട്ടുനിൽകണമെന്നും അധികൃതർ അറിയിച്ചു.

ഉപയോഗിച്ച ഇത്തരം മുഖാവരണങ്ങളും, കയ്യുറകളും പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ ശേഷം ചവറ്റുവീപ്പകളിൽ സുരക്ഷിതമായി നിക്ഷേപിക്കേണ്ടതാണ്.