രാജ്യത്ത് നിലവിൽ COVID-19 രോഗബാധയുള്ളവരുടെയും, വൈറസ് ബാധയെത്തുടർന്ന് ഗുരുതരമായ അവസ്ഥയിലുള്ളവരുടെയും എണ്ണം ഉയരുന്നതിൽ സൗദി ആരോഗ്യ മന്ത്രാലയം ആശങ്ക പങ്ക് വെച്ചു. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് രേഖപ്പെടുത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി.
പൊതു സമൂഹത്തോട് ജാഗ്രത തുടരാനും, വാക്സിനേഷൻ യത്നത്തിൽ പങ്കാളികളാകാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ COVID-19 വാക്സിൻ കുത്തിവെപ്പിനായി റജിസ്റ്റർ ചെയ്യാത്തവരോട്, ‘Sehhaty’ ആപ്പിലൂടെ റജിസ്ട്രേഷൻ പൂർത്തിയാക്കാനും, വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാനുള്ള മുൻകൂർ അനുമതി നേടാനും മന്ത്രാലയം ആഹ്വാനം ചെയ്തു.
മാർച്ച് 20-ന് സൗദിയിൽ 391 പേർക്കാണ് COVID-19 സ്ഥിരീകരിച്ചത്. കൊറോണ വൈറസ് രോഗബാധയെത്തുടർന്ന് 5 പേരാണ് സൗദിയിൽ വെള്ളിയാഴ്ച്ച മരണമടഞ്ഞത്. രാജ്യത്ത് ഇതുവരെ 6596 പേർ COVID-19 ബാധയെത്തുടർന്ന് മരിച്ചിട്ടുണ്ട്. ഇതുവരെ സൗദിയിൽ ആകെ 384271 പേർക്കാണ് COVID-19 ബാധിച്ചതെന്നും, നിലവിൽ രാജ്യത്ത് 3811 പേർക്ക് രോഗബാധയുള്ളതായും മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 574 പേരുടെ നില ഗുരുതരമാണ്.