COVID-19 ഭീഷണി അവസാനിച്ചു എന്ന് പറയാനുള്ള സാഹചര്യം ആയിട്ടില്ല എന്നും, സമൂഹം ജാഗ്രത തുടരണമെന്നും യു എ ഇയിലെ ആരോഗ്യ മേഖലയിലെ സർക്കാർ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. മെയ് 30-ലെ COVID-19 സാഹചര്യങ്ങൾ വിലയിരുത്തുന്ന പത്രസമ്മേളനത്തിലാണ് ഡോ. അൽ ഹൊസാനി ഇത് സംബന്ധിച്ച നിരീക്ഷണങ്ങൾ പങ്ക് വെച്ചത്. വിവിധ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും, ലോകരോഗ സംഘടനയുടെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ദിനവും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായാണ് കാണുന്നത് എന്നും, ഇത് സൂചിപ്പിക്കുന്നത് COVID-19 ഒരു ഭീഷണിയായി നമ്മുടെ മുന്നിലുണ്ട് എന്ന് തന്നെയാണെന്നും അവർ വ്യക്തമാക്കി.
നമ്മൾ ഇതുവരെ അഭിമുഖീകരിക്കാത്ത ചില പ്രത്യേക സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് പറഞ്ഞ ഡോ. അൽ ഹൊസാനി, ഈ സാഹചര്യത്തെ അതിജീവിക്കാൻ സമൂഹം ആരോഗ്യ സുരക്ഷാ ജാഗ്രതയിലധിഷ്ഠിതമായ ജീവിതശൈലി പിന്തുടരേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. COVID-19 വ്യാപനം തടയുന്നതിനും, രോഗബാധയൊഴിവാക്കാനും നിലവിൽ നമ്മുക്ക് മുന്നിലുള്ളത് ആരോഗ്യ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും, പ്രതിരോധ മാനദണ്ഡങ്ങളും കർശനമായി പാലിക്കുക എന്നതാണെന്ന് അവർ വ്യക്തമാക്കി. സമൂഹ അകലം, നിരന്തരമായ അണുനശീകരണം, പൊതു ഇടങ്ങളിലെ മാസ്കുകളുടെ ഉപയോഗം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ വൈറസിനെ പ്രതിരോധിക്കാവുന്നതാണെന്ന് ഡോ. അൽ ഹൊസാനി സമൂഹത്തെ ഓർമ്മപ്പെടുത്തി.
പ്രമേഹം, ആസ്ത്മ, രക്തസമ്മർദ്ദം സംബന്ധിച്ച പ്രശ്നങ്ങൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ മുതലായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. യു എ ഇയിലെ കണക്കുകളനുസരിച്ച്, ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് വൈറസ് ബാധയുണ്ടാകുമ്പോളാണ്, കൂടുതൽ സങ്കീർണ്ണമായ ആരോഗ്യ പരിചരണങ്ങൾ ആവശ്യമായി വരുന്നതെന്നും, രോഗം മൂർച്ഛിക്കുന്നതിനുള്ള സാധ്യതകൾ ഈ വിഭാഗത്തിൽ കൂടുതലാണെന്നും അവർ വ്യക്തമാക്കി. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ നിർബന്ധമായും പൊതു ഇടങ്ങൾ ഒഴിവാക്കുകയും, രോഗം പകരുന്നതിനുള്ള സാധ്യതകൾ ഒഴിവാക്കി വീടുകളിൽ തുടരുകയും ചെയ്യേണ്ടതാണ്.
നിലവിലെ വാണിജ്യ മേഖലയിലെയും, മറ്റു പ്രവർത്തനങ്ങളിലെയും ഇളവുകൾ ഒരുപാട് പഠനങ്ങളുടെയും, സുരക്ഷാ മുന്നൊരുക്കങ്ങളുടെയും പിൻബലത്തിലാണ് നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കിയ ഡോ. അൽ ഹൊസാനി, രോഗവ്യാപനം തടയുന്നതിനായി സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും യു എ ഇയിലെ ഓരോ നിവാസികൾക്കും ഉത്തരവാദിത്വമുണ്ടെന്ന് കൂട്ടിച്ചേർത്തു.