അബുദാബി: പാർക്കുകൾ സന്ദർശിക്കുന്നതിന് COVID-19 നെഗറ്റീവ് റിസൾട്ട് വേണമെന്ന നിബന്ധന ഒഴിവാക്കി

GCC News

അബുദാബിയിൽ തുറന്നു കൊടുത്തിട്ടുള്ള പൊതു പാർക്കുകളും, ബീച്ചുകളും സന്ദർശിക്കുന്നതിന് COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. എമിറേറ്റിലെ ഏതാനം പൊതു പാർക്കുകളും, ബീച്ചുകളും ജൂലൈ 3, വെള്ളിയാഴ്ച്ച മുതൽ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത്തരം പാർക്കുകളിൽ, സുരക്ഷയുടെ ഭാഗമായി അൽഹൊസൻ ആപ്പിൽ COVID-19 നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സന്ദർശകർക്ക് മാത്രമാണ് പ്രവേശനം നൽകുക എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് വൈകീട്ട് DMT ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത നൽകിയിട്ടുണ്ട്.

പുതിയ അറിയിപ്പ് പ്രകാരം, തുറന്ന് പ്രവർത്തിക്കുന്ന പാർക്കുകളും ബീച്ചുകളും സന്ദർശിക്കുന്നതിന് COVID-19 നെഗറ്റീവ് റിസൾട്ട് ആവശ്യമില്ലെന്ന് DMT വ്യക്തമാക്കിയിട്ടുണ്ട്. സന്ദർശകർ നിർബന്ധമായും മാസ്കുകൾ ധരിക്കേണ്ടതും, 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതുമാണ്.

അബുദാബിയിലെ ഉമ്മുൽ എമറാത്ത് പാർക്ക്, ഖലീഫ പാർക്ക്, അൽ ഐനിലെ അൽ സുലൈമി പാർക്ക്, അൽ ദഫ്‌റയിലെ മദീനത്ത് സായിദ്, അബുദാബിയിലെ ഹുദൈരിയത് ബീച്ച്, കോർണിഷ് ബീച്ച്, അൽ ദഫ്‌റയിലെ അൽ മിർഫ ബീച്ച് എന്നിവയാണ് ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളത്.