അബുദാബിയിലേക്ക് പ്രവേശിക്കാൻ എമിറേറ്റിന് പുറത്ത് നിന്നുള്ള COVID-19 ടെസ്റ്റ് റിസൾട്ട് നിർബന്ധം

UAE

എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന്, അബുദാബിയിലെ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ മതിയാകില്ലെന്നും, മറ്റു എമിറേറ്റുകളിൽ നിന്നും ടെസ്റ്റ് ചെയ്ത ശേഷം ലഭിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയുടെ തീരുമാനം, അബുദാബി മീഡിയാ ഓഫീസ് ജൂലൈ 4-നു പങ്ക് വെച്ചിട്ടുണ്ട്. ഇതോടെ മറ്റു എമിറേറ്റുകളിലേക്ക് യാത്ര ചെയ്ത ശേഷം അബുദാബിയിലേക്ക് തിരികെ മടങ്ങുന്നവർക്കും – അബുദാബിയിൽ നിന്ന് നടത്തിയ ടെസ്റ്റ് റിസൾട്ട് കൈവശമുണ്ടെങ്കിലും – വീണ്ടും COVID-19 പരിശോധനകൾ നടത്തേണ്ടി വരുന്നതാണ്.

പുതിയ തീരുമാനത്തോടെ, അബുദാബിയിലേക്ക് പ്രവേശിക്കുന്ന എല്ലാ യു എ ഇ പൗരന്മാർക്കും, നിവാസികൾക്കും, എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, മറ്റു എമിറേറ്റുകളിലെ നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ അംഗീകാരമുള്ള ഏതെങ്കിലും ആശുപത്രികളിൽ നിന്നോ, സ്ക്രീനിംഗ് കേന്ദ്രങ്ങളിൽ നിന്നോ 48 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. എമിറേറ്റിലേക്കുള്ള പാതകളിലെ ചെക്പോയിന്റുകളിൽ, ഈ റിസൾട്ട് അധികൃതർക്ക് പരിശോധനകൾക്കായി നൽകേണ്ടതാണ്. ഇത്തരത്തിൽ പ്രവേശനത്തിനായി സമർപ്പിക്കുന്ന പരിശോധനാഫലങ്ങൾ, അബുദാബിയിൽ നിന്നും നടത്തിയ COVID-19 ടെസ്റ്റുകളുടേതാണെങ്കിൽ അവയ്ക്ക് സാധുതയില്ലെന്നും അധികൃതർ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ 29, തിങ്കളാഴ്ച്ച വൈകീട്ടാണ് അബുദാബിയിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടയിൽ എടുത്ത ടെസ്റ്റിന്റെ ഫലങ്ങൾ അനുസരിച്ചായിരിക്കും പ്രവേശനാനുമതി നൽകുക എന്ന തീരുമാനം അറിയിച്ചത്.