അബുദാബിയിലെ വിവിധ വ്യവസായ മേഖലകളിൽ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും അൽ ദഫ്‌റ, ലിവയിലെ ഇൻഡസ്ട്രിയൽ ഏരിയയിലേക്കും വ്യാപിപ്പിക്കുന്നു. ഈ പ്രവർത്തനങ്ങൾ അൽ ദഫ്‌റയിലെ അൽ ജെഫെൻ, അൽ യാബന ഇൻഡസ്ട്രിയൽ ഏരിയകളിൽ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 22-നു രാത്രി അറിയിച്ചു.
അൽ ദഫ്‌റയിലെ വിവിധ വ്യവസായ മേഖലകളിലെ തൊഴിലാളികളുടെയും, നിവാസികളുടെയും ഇടയിൽ COVID-19 പരിശോധനകൾ വ്യാപകമാക്കുന്നതിലൂടെ ഈ മേഖലയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് DOH-ഉം മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായി നടപ്പിലാക്കുന്ന ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.
അൽ ജെഫെൻ
അൽ യാബന
ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലാവധിയിൽ, അണുവിമുക്തമാക്കുന്ന മേഖലകളിൽ ചില നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടില്ല എന്ന് DOH അറിയിച്ചിട്ടുണ്ട്.
വിസ ചട്ട ലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും, ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻതൂക്കം നൽകുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഈ മേഖലകളിലെ നിവാസികളോട്, പരിശോധനാ നടപടികളുമായി പൂർണ്ണമായി സഹകരിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.