അൽ അയ്‌നിലെ അൽ ഖുറൈയ്ർ ഏരിയയിൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

UAE

അൽ ഐൻനിൽ നടപ്പിലാക്കുന്ന നടപ്പിലാക്കുന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും അൽ ഖുറൈയ്ർ ഏരിയയിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു. ഇന്നലെ (ജൂൺ 25) രാത്രിയാണ് DOH ഇത് സംബന്ധിച്ച അറിയിപ്പുകൾ നൽകിയത്.

അബുദാബിയിലുടനീളം നടപ്പിലാക്കുന്ന തീവ്രമായ കൊറോണാ വൈറസ് പരിശോധനയുടെ ഭാഗമായാണ് ഈ നടപടികൾ.അൽ ഖുറൈയ്ർ ഏരിയയിലെ നിവാസികളുടെ ഇടയിൽ COVID-19 പരിശോധനകൾ വ്യാപകമാക്കുന്നതിലൂടെ ഈ മേഖലയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് DOH-ഉം മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായി നടപ്പിലാക്കുന്ന ഈ പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്.

ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലാവധിയിൽ, അണുവിമുക്തമാക്കുന്ന മേഖലകളിൽ ചില നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടില്ല എന്ന് DOH അറിയിച്ചിട്ടുണ്ട്. വിസ ചട്ട ലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും, ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻതൂക്കം നൽകുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.