രാജ്യത്ത് മുഴുവൻ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്ക്, അവസാന ഡോസ് കുത്തിവെപ്പ് എടുത്ത് 7 ദിവസത്തിന് ശേഷം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഓൺലൈനിൽ നിന്ന് ലഭ്യമാണെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയവർക്കാണ് ഇത്തരത്തിൽ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്.
മാർച്ച് 9-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ COVID-19 വെബ്‌സൈറ്റിൽ ഇതിനുള്ള സംവിധാനം ഉൾപ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി. https://cert-covid19.moph.gov.qa/Home/Index# എന്ന വിലാസത്തിൽ നിന്ന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
രാജ്യത്ത് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ മുഴുവൻ പേർക്കും, അവസാന ഡോസ് കുത്തിവെപ്പ് എടുത്ത് 7 ദിവസത്തിന് ശേഷം ഈ വിലാസത്തിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഇതിനായി ഓരോ വ്യക്തിയും തങ്ങളുടെ നാഷണൽ ഓതെന്റിക്കേഷൻ സിസ്റ്റം (NAS) യൂസർനെയിം, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ഈ വിലാസത്തിൽ ലോഗിൻ ചെയ്യേണ്ടതാണ്. https://www.nas.gov.qa/self-service/register/select-user-type?lang=en എന്ന വിലാസത്തിലൂടെ ഇത്തരം അക്കൗണ്ടുകൾ നിർമ്മിക്കാവുന്നതാണ്.