കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി അബുദാബിയിൽ നടക്കാനിരുന്ന പല പ്രമുഖ കായികമത്സരങ്ങളും റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്തിട്ടുണ്ട്. മാർച്ച് 5 മുതൽ 7 വരെ യാസ് ഐലൻഡിൽ നടക്കാനിരുന്ന 2020 ITU ലോക ട്രയാത്തലൺ(2020 ITU World Triathlon Abu Dhabi) മത്സരം കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടി വെച്ചതായി അബുദാബി സ്പോർട്സ് കൗൺസിലും ഇന്റർനാഷണൽ ട്രയാത്തലൺ യൂണിയനും തീരുമാനിച്ചിട്ടുണ്ട്.
പുതുക്കിയ തീയതികൾ നിശ്ചയിട്ടില്ലെങ്കിലും മാർച്ച് അവസാനത്തേയ്ക്കോ ഏപ്രിലിലേക്കോ മത്സരം നീട്ടാനാണ് ശ്രമിക്കുന്നത് എന്നാണ് സൂചന. പല രാജ്യങ്ങളിലും വിമാന സർവീസുകളിലും നിലവിലുള്ള യാത്രാ വിലക്കുകളും, ക്വാറന്റൈൻ ഭീതികളും മൂലം പങ്കെടുക്കുന്ന മത്സരാർത്ഥികളുടെ രാജ്യത്തേക്കുള്ള യാത്രകളെ ബാധിച്ച സാഹചര്യത്തിലാണ് മത്സരങ്ങൾ നീട്ടിവെക്കാൻ സംഘാടകർ നിർബന്ധിതരായത്. ഇതിനോടൊപ്പം നടക്കാനിരുന്ന അബുദാബി പാരാട്രയാത്തലൺ വേൾഡ് കപ്പും (Abu Dhabi Paratriathlon World Cup), അബുദാബി മിക്സഡ് റിലേ ഇവന്റും (Abu Dhabi mixed relay event) റദ്ദാക്കിയിട്ടുണ്ട്.
നേരത്തെ 2020 യു എ ഇ ടൂറിൽ പങ്കെടുത്ത റേസിംഗ് ടീമുകളിലെ 2 സാങ്കേതിക വിദഗ്ദർക്ക് കൊറോണാ ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് റോഡ് സൈക്ലിംഗ് റേസിന്റെ ബാക്കിയുള്ള റൗണ്ടുകൾ റദ്ദാക്കിയതായി അബുദാബി സ്പോർട്സ് കൌൺസിൽ അറിയിച്ചിരുന്നു.