സംസ്ഥാനത്ത് കൊറോണാ വൈറസ് ബാധ വീണ്ടും കണ്ടെത്തിയ സാഹചര്യത്തിൽ രോഗം പ്രതിരോധിക്കുന്നതിനായും രോഗം വ്യാപിക്കുന്നത് തടയുന്നതിനായുമുള്ള നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ട് വെച്ചു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈകൊണ്ടത്.
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവധി നൽകി. കോളേജുകൾ, പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർച്ച് 31 വരെ പ്രവർത്തിക്കില്ല. എഴാം ക്ലാസ്സ് വരെയുള്ള പരീക്ഷകളും ഒഴിവാക്കിയിട്ടുണ്ട്. എട്ട്, ഒൻപത് ക്ളാസുകളിലെയും, എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളും മുൻകൂട്ടി നിശ്ചയിച്ചപ്രകാരം നടത്തും. CBSE, ICSC സ്കൂളുകളുൾപ്പടെ എല്ലാ വിദ്യാലയങ്ങൾക്കും, അങ്കണവാടികൾക്കും, മദ്രസകൾക്കും അവധി ബാധകമാണ്.
സർക്കാരിന്റെ പൊതുപരിപാടികള്‍ റദ്ദാക്കാനും, ഉത്സവങ്ങൾ, ആഘോഷപരിപാടികൾ എന്നിവ പരമാവധി കുറയ്ക്കുവാനും നിർദ്ദേശിച്ചിട്ടുണ്ട്. രോഗം പകരുന്നത് തടയാൻ ആളുകൾ ഒത്തുകൂടുന്ന സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ആരാധനാലയങ്ങളിൽ ചടങ്ങുകൾ മാത്രമാക്കി നിയന്ത്രണങ്ങൾ കൊണ്ടുവരാനും നിർദ്ദേശിച്ചിട്ടുണ്ട്. വിവാഹങ്ങൾ ചെറിയ ചടങ്ങുകളാക്കി ചുരുക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
വിദേശങ്ങളിൽ നിന്ന് വരുന്നവർ കൃത്യമായി വിവരങ്ങൾ ആരോഗ്യ വകുപ്പധികൃതരെ അറിയിക്കണം. ഇത്തരം കാര്യങ്ങളിൽ അനാസ്ഥ കാണിക്കുന്നത് കുറ്റകരമായി കണക്കാക്കും.