ഇന്ത്യയിൽ കോവിഷീൽഡ് എന്ന ബ്രാൻഡ് നാമത്തിൽ നൽകുന്ന ഓക്സ്ഫോർഡ്-ആസ്ട്രസെനേക വാക്സിൻ യു എ ഇ അംഗീകൃത COVID-19 വാക്സിൻ ആണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കി. ദുബായിലേക്കുള്ള യാത്രകൾ സംബന്ധിച്ച് ഇന്ത്യയിൽ നിന്നുള്ള യാത്രികരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനിടയിലാണ് DHA ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ജൂൺ 20-ന് വൈകീട്ടാണ് DHA ഇക്കാര്യം അറിയിച്ചത്. “ഞങ്ങളുമായി ബന്ധപ്പെട്ടതിന് നന്ദി. ഓക്സ്ഫോർഡ്-ആസ്ട്രസെനേക വാക്സിനും, കോവിഷീൽഡും ഒരേ വാക്സിൻ തന്നെയാണ്.”, കോവിഷീൽഡ് വാക്സിനെടുത്തവർക്ക് ദുബായിലേക്ക് പ്രവേശിക്കാനാകുമോ എന്ന തരത്തിലുള്ള നിരവധി യാത്രികരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ദുബായ് ഹെൽത്ത് അതോറിറ്റി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യ ഉൾപ്പടെ ഏതാനം രാജ്യങ്ങളിൽ നിന്നുള്ള, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ളവർക്ക്, 2021 ജൂൺ 23, ബുധനാഴ്ച്ച മുതൽ ദുബായിലേക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് DHA ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. യു എ ഇ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ രണ്ട് ഡോസുകളും പൂർത്തിയാക്കിയവർക്കാണ് കർശന നിബന്ധനകളോടെ ദുബായിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഓക്സ്ഫോർഡ്-ആസ്ട്രസെനേക്ക (കോവിഷീൽഡ്) വാക്സിന് പുറമെ സിനോഫാം, ഫൈസർ ബയോഎൻടെക്ക്, സ്പുട്നിക് V എന്നീ വാക്സിനുകൾക്കും യു എ ഇ അംഗീകാരം നൽകിയിട്ടുണ്ട്.