COVID-19 വ്യാപനം കൂടിവരുന്ന സാഹചര്യത്തിലും, സൗദി അറേബ്യയിൽ കർഫ്യു നിയമലംഘനങ്ങൾ ദിനംപ്രതി വർദ്ധിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച മാത്രം സൗദിയിൽ 3334 കർഫ്യു നിയമലംഘനങ്ങൾ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി ഇത്തരം കർഫ്യുലംഘനങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
രോഗവ്യാപനം തടയുന്നതിനായി കർഫ്യു നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും, ആളുകൾ കൂട്ടം ചേരുന്നതിനുള്ള സാഹചര്യങ്ങൾ എല്ലാത്തരത്തിലും ഒഴിവാക്കേണ്ടതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. വീടുകൾ, മറ്റ് താമസയിടങ്ങൾ, തൊഴിലിടങ്ങൾ, കൃഷിയിടങ്ങൾ മുതലായ സ്ഥലങ്ങളിൽ അഞ്ചോ അതിൽ കൂടുതൽ പേരോ ഒത്ത് കൂടുന്നത് സൗദിയിൽ നിലവിലെ സാഹചര്യത്തിൽ നിയമലംഘനമായി കണക്കാക്കുന്നതാണ്.
COVID-19 സാഹചര്യത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള കുടുംബ സംഗമങ്ങൾ, വിവാഹ ചടങ്ങുകൾ, മരണാന്തര ചടങ്ങുകൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ ഇപ്പോഴും ബാധകമാണെന്നും അധികൃതർ പൊതുസമൂഹത്തിനെ ഓർമപ്പെടുത്തി. ജനങ്ങൾ പലപ്പോഴും സമൂഹ അകലം പാലിക്കുന്നതിൽ വീഴ്ചകൾ വരുത്തുന്നുണ്ട്.
രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെ കർഫ്യു സമയങ്ങളിൽ നൽകിയിട്ടുള്ള ഇടവേളകൾ പൊതുജനങ്ങൾക്ക് അടിയന്തിര ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി മാത്രമാണെന്നും, ഈ ഇളവുകൾ സന്ദർശനങ്ങൾക്കും, ഒത്തുചേരലുകൾക്കും ഉപയോഗിക്കുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. മെയ് 16-നു മാത്രം സൗദി അറേബ്യയിൽ 2840 പേർക്കാണ് COVID-19 സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 52016 പേർക്ക് കൊറോണാ ബാധ കണ്ടെത്തിയിട്ടുണ്ട്.